തിരുവനന്തപുരം: മണ്ണിന്റെ സ്വഭാവമടക്കം അടിസ്ഥാനമാക്കി കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ച് കൃഷിവകുപ്പ് പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോക മണ്ണ്ദിന പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. മൂന്നു വർഷത്തെ കൃഷിവകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട് ചടങ്ങിൽ പ്രകാശനം ചെയ്തു. കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. വയനാട്ടിലെ മണ്ണ് ഫലപുഷ്ടി ഭൂപടങ്ങളുടെ പ്രകാശനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. കാട്ടാക്കട ജലസമൃദ്ധിയിൽപ്പെട്ട മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളുടെ കർമ്മപദ്ധതി അദ്ധ്യക്ഷത വഹിച്ച ഐ.ബി. സതീഷ് എം.എൽ.എ പ്രകാശനം ചെയ്തു.
അഡിഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൃഷിവകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു.കേൽക്കർ, നബാർഡ് ജനറൽ മാനേജർ ഡോ. ശെൽവരാജ്, ഡബ്ലിയു.ടി.ഒ സെൽ ഡയറക്ടർ ആനന്ദി, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്. അംബിക എന്നിവർ സംബന്ധിച്ചു.