തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് പദ്ധതിയനുസരിച്ച് നഗരങ്ങളിൽ ഭവനവായ്പ നൽകുന്നതിനായി ഇന്ത്യൻ ഒാവർസീസ് ബാങ്കും കുടുംബശ്രീയും ധാരണയിൽ ഒപ്പുവച്ചു. 2022 മാർച്ച് വരെ 15000 കുടുംബങ്ങൾക്ക് ധാരണയനുസരിച്ച് ബാങ്ക് വായ്പ നൽകും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോറും ഇന്ത്യൻ ഓവർസീസ് ബാങ്ക് ചീഫ് റീജിയണൽ മാനേജർ ഇ. രാജ്കുമാറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കേരളത്തിലെ ഏതെങ്കിലും നഗരത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരതാമസക്കാരായവർക്കും കുടുംബത്തിലെ അംഗങ്ങളുടെ ആരുടെ പേരിലും ഇന്ത്യയിലൊരിടത്തും വീടുകളില്ലാത്തവർക്കുമാണ് വായ്പ ലഭിക്കുക. 6 ലക്ഷം രൂപ വരെ പലിശ സബ്സിഡിയോടെയും 9 ലക്ഷം രൂപവരെയുള്ള വായ്പാ തുകയ്ക്ക് 4 ശതമാനം പലിശ സബ്സിഡിയും 12 ലക്ഷം വരെ 3 ശതമാനം പലിശസബ്സിഡിയിലും വായ്പ ലഭിക്കും.20 വർഷമാണ് തിരിച്ചടവ് കാലാവധി.