prasanth

ആര്യനാട്: യുവതി കരമനയാറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഉഴമലയ്ക്കൽ പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിനെയാണ് (36) സ്ത്രീധന പീഡന വകുപ്പ് ചുമത്തി നെടുമങ്ങാട് ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തത്.

ആര്യനാട് തോളൂർ മേലേച്ചിറ വിഷ്ണുനിവാസിൽ ശാലു (24) കഴിഞ്ഞ മാസം 30ന് രാത്രിയിലാണ്‌ ശാലു ഉഴമലയ്ക്കൽ ഏലിയാവൂർ പാലത്തിൽ നിന്ന് കരമനയാറ്റിൽ ചാടിയത്. സംഭവസ്ഥലത്ത് നിന്നു കണ്ടെടുത്ത ശാലുവിന്റെ സ്കൂട്ടറിൽ നിന്നും ആത്മഹത്യാകുറിപ്പ് പെ‌ാലീസിന് ലഭിച്ചിരുന്നു.

മൂന്നാം ദിവസമാണ് കരമന ആറ്റിൽ നിന്ന് ശാലുവിന്റെ മൃതദേഹം കിട്ടിയത്.

ഒളിവിലായ പ്രശാന്ത് പലതവണ മുൻകൂർ ജാമ്യ അപേക്ഷ കോടതിയിൽ നൽകിയിരുന്നു. ഇതിനിടെയായിരുന്നു അറസ്റ്റ്.

യുവതി മരിച്ച സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെയും ശാലുവിന്റെ സഹോദരൻ എ.നിധീഷിന്റെ പരാതിയെയും തുടർന്ന് പ്രശാന്തിനെതിരെ സ്ത്രീധന പീഡന വകുപ്പ് ചുമത്തി ആര്യനാട് പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.