ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള - പനയത്തേരി റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡ് നിറയെ വെള്ളക്കെട്ടും ചെളിയും നിറഞ്ഞു. ഇതോടെ ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരും ചെളിയിൽ തെന്നിവീഴുമെന്ന ഭീതിയിലാണ്. ഇതോടെ റോഡിന് കുറുകെ കയർകെട്ടി ബാനറുകൾ പതിച്ച് അപായ സൂചന നൽകിയിരിക്കുകയാണ് നാട്ടുകാർ. വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം റോഡ് പൂർണമായും തകർന്നു.
പള്ളിച്ചൽ പഞ്ചായത്തിലെ വടക്കേവിള - താന്നിവിള എന്നീ വാർഡുകളിൽ ഉൾപ്പെടുന്നതാണ് പനയത്തേരി റോഡ്. റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് നിരവധി തവണ പഞ്ചായത്തിലും വാർഡ് മെമ്പറോടും പരാതി അറിയിച്ചെങ്കിലും റോഡ് നവീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. രണ്ട് വർഷമായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിട്ട്. റോഡിന്റെ പുനഃരുദ്ധാരണത്തിനും ഇന്റർലോക്ക് നിർമ്മാണത്തിനും ഫണ്ട് അനുവദിച്ചെങ്കിലും നവീകരണം ഇതുവരെയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാരൻ തെന്നിവീണ് അപകടത്തിൽപ്പെട്ടതും പ്രതിഷേധത്തിനിടയാക്കി. റോഡ് വെള്ളക്കെട്ടായതോടെ പരിസരവാസികളായ നാട്ടുകാർ സംഘടിച്ചെത്തി ജനപ്രതിനിധികൾക്കെതിരെ മുദ്രാവാക്യം മുഴക്കുകയും പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ നവീകരണം ആരംഭിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെ പ്രക്ഷോപ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ അറിയിച്ചു.
പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് കാലാകാലങ്ങളിൽ റോഡ് പുനരുദ്ധരിക്കുന്നത്. ഓടയില്ലാത്തതിനാൽ മഴപെയ്ത് വെള്ളം കെട്ടിക്കിടന്ന് റോഡിനിരുവശവും റോഡ് പൊട്ടിപ്പൊളിയുകയാണ്. ആയതിനാൽ റോഡ് ടാറിംഗിനോടൊപ്പം ഓടയും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം വൻ കുഴികൾ രൂപപ്പെട്ട പനയത്തേരി-താന്നിവിള വളവിൽ കൂടുതൽ മെറ്റലിട്ട് റോഡിന് ദീർഘകാലസുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.