തിരുവനന്തപുരം: പണിയെടുക്കുന്നവന് പണം കൊടുക്കാനാവാതെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിക്കെതിരെ തൊഴിലാളി സംഘടനകളും സമരത്തിൽ. തോന്നുംപടിയുള്ള പരിഷ്‌കാരങ്ങൾ കൂടിയായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയുടെ കീശ കാലിയാക്കിയത്. ഒപ്പം സി.ഐ.ടി.യു സംഘടനയായ കെ.എസ്.ആർ.ടി.സി എപ്ലോയീസ് അസോസിയേഷനും കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും സമരം കടുപ്പിച്ചു.

കഴിഞ്ഞ മാസം സർക്കാർ കൈവിട്ടതോടെയാണ് കോർപറേഷനിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഒക്ടോബറിലെ സപ്ളിമെന്ററി ബില്ലുകൾ ഇന്നലെയാണ് കൊടുത്തത്. ഇന്നു മുതൽ ദിവസ വരുമാനത്തിൽ ഒരു കോടി രൂപവീതം മിച്ചം പിടിക്കാനായേക്കും. എന്നാൽ ഡിസംബർ അവസാനമായാലും മുഴുവൻ ശമ്പളം നൽകാനുള്ള തുക കണ്ടെത്താനാകില്ല. നവംബറിലെ ശമ്പളത്തിന് 80 കോടി രൂപ വേണം. ഒക്ടോബറിലെ ശമ്പളം ഘട്ടംഘട്ടമായി നവംബർ അവസാനമാണ് കൊടുത്തത്.

അതിനിടെ ഓപറേഷൻ വിഭാഗം ബസുകളുടെ സമയവും റൂട്ടും മാറ്റിയുള്ള മണ്ടൻ പരിഷ്‌കാരങ്ങൾ തുടരുകയാണ്. ഇതോടെ പ്രതിദിന കളക്ഷനിൽ ശരാശരി മുക്കാൽ കോടി ഇടിഞ്ഞു. കട്ടപ്പുറത്തായ ബസുകളുടെ എണ്ണം 1200. ടോമിൻ തച്ചങ്കരി മേധാവിയായിരുന്നപ്പോൾ സ്വന്തംവരുമാനത്തിൽ ശമ്പളം നൽകിയ കെ.എസ്.ആർ.ടി.സിയാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടപുഴകിയത്. തച്ചങ്കരിയെ മാറ്റിയശേഷം ഇടതുതൊഴിലാളി സംഘടനകളുടെ താത്പര്യംകൂടി പരിഗണിച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന എം.പി. ദിനേശിനെ മേധാവിയാക്കിയത്. എന്നാൽ ഇക്കാലയളവിൽ പ്രതിസന്ധി രൂക്ഷമായി. മാനേജ്‌മെന്റ് പരാജയമാണെന്ന് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും ആരോപിച്ചിരുന്നു.

അന്ന് തച്ചങ്കരിക്കെതിരെ, ഇന്ന് മന്ത്രിക്കെതിരെ

പുനഃരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് ടോമിൻ തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കാരങ്ങളെ സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനകൾ എതിർത്തിരുന്നു. തച്ചങ്കരിക്കെതിരെ ഇടത് വലത് സംഘടനകൾ സംയുക്തസമര മുന്നണി രൂപീകരിച്ചിരുന്നു. ഇപ്പോൾ രണ്ടു കൂട്ടരും വെവ്വേറെയാണ് സമരം ചെയ്യുന്നത്. സർക്കാരിനെതിരെയാണ് സമരം.

തച്ചങ്കരിയെ മാറ്റാൻ പ്രധാന റോളെടുത്ത സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച സമരത്തിന് നേതൃത്വം നൽകിയപ്പോൾ രൂക്ഷമായ ഭാഷയിലാണ് മന്ത്രി എ.കെ. ശശീന്ദ്രനെ വിമർശിച്ചത്.

സർക്കാരിലെ പ്രതീക്ഷയും സാദ്ധ്യതയും

 കെ.എസ്.ആർ.ടി.സി ഇത്തവണ സർക്കാരിനോട് ആവശ്യപ്പെട്ടത് - 63.5 കോടി രൂപ

 ഇതിൽ 20 കോടി പ്രതിമാസ വിഹിതം

 പ്രത്യേക ധനസഹായമായി ആവശ്യപ്പെട്ടത് - 43.5 കോടി

 സാമ്പത്തിക പ്രതിസന്ധിയിലുള്ള സർക്കാർ പരമാവധി നൽകുക - 20 കോടി രൂപ

 കട്ടപ്പുറത്തുള്ള ബസുകൾ - 1200