കുഴിത്തുറ: തിക്കുറിശ്ശി ക്ഷേത്രത്തിലെ വിഗ്രഹം കവർച്ചചെയ്ത 4പേരെ ഒരുവർഷത്തിന് ശേഷം തമിഴ്നാട് സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് പിടികൂടി. തേങ്ങാപ്പട്ടിണം കല്ലടിത്തോപ്പ് സ്വദേശി ഷാനവാസ്(30), തിരുവനന്തപുരം പരുത്തിക്കുഴി പുതവൻപുത്തൂർ സ്വദേശി ഹുസൈൻ (37), നെയ്യാറ്റിൻകര കൈക്കോട്ടുകോണം,സ്മിതാമന്ദിരം സ്മിതാ (36), തിരുവനന്തപുരം അമ്പലത്തറ സ്വദേശി സതീഷ് ബാബു (49)എന്നിവരെയാണ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റുചെയ്തത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള തിക്കുറിശ്ശി മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് രാത്രിയാണ് കവർച്ച നടന്നത്. ശ്രീകോവിലിന്റെ പൂട്ട് പൊട്ടിച്ച് കള്ളന്മാർ വിഗ്രഹവും, വിഗ്രഹത്തിന്റെ പ്രഭയും സ്വർണാഭരണങ്ങളും കാണിക്കയും കവർന്നു. അന്ന് മാർത്താണ്ഡം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് അന്വേഷണം സ്പെഷ്യൽ സ്ക്വാഡ് നിറുത്തി വച്ചിരുന്നു. തമിഴ്നാട്ടിൽ ഉടനീളം നടന്നുവന്ന വിഗ്രഹ കവർച്ച സംഘങ്ങൾക്ക് ഇതിൽ പങ്കു ഉണ്ടാകുമെന്നും ഇതിനാൽ ആ കേസുകൾ അന്വേഷിക്കുന്ന ഐ.ജി പൊൻ. മാണിക്കവേലിന് ഈ അന്വേഷണ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി പ്രവർത്തകരും ഭക്തജനങ്ങളും സമരങ്ങൾ നടത്തി വന്നിരുന്നു. കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥിന്റെ നിർദ്ദേശ പ്രകാരം വീണ്ടും എസ്.ഐ വിജയന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് രൂപികരിച്ച് അനേഷണം നടത്തി വന്നിരുന്നു. മോഷ്ടിച്ച ശേഷം സ്വകാര്യ കാറിൽ തിരുവനന്തപുരത്തേക്ക് കടന്നുകളഞ്ഞു. തിരുവനന്തപുരത്തേക്ക് പോകും വഴി മോഷ്ട്ടിച്ച പിത്തള സാധനങ്ങൾ തിരുവല്ലം ആറ്റിൽ വലിച്ചറിഞ്ഞു. വിഗ്രഹങ്ങളെ കുസൈന്റെ വീട്ടിൽ ഒളിപ്പിച്ച ശേഷം സതീഷ്ബാബുവിന് വിൽക്കുകയും ചെയ്തു. വസതീഷ് ബാബു ഈ വിഗ്രഹങ്ങൾ ഓസ്ട്രേലിയയിലേക്ക് കടത്താൻ വേണ്ടി തിരുവനന്തപുരത്ത് ഒളിപ്പിച്ചുവയ്ക്കവേയാണ് പൊലീസ് പിടികൂടിയത്.ഇവരുടെ കൈവശം നിന്ന് മന്ത്രമൂർത്തിയുടെയും, ദേവിയുടെയും വിഗ്രഹവും പൊലീസ് കണ്ടെടുത്തു.
|