rape-case

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പിതാവിനെ ഇതുവരെ പിടികൂടാനായില്ല. സർക്കാർ ഉദ്യോഗസ്ഥനും ഇടത് യൂണിയൻ നേതാവുമായ പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പൊലീസിന്റെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ മാസം 12നാണ് കുട്ടിയുടെ രണ്ടാനമ്മയുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്നത് കല്ലറയിലെ പാങ്ങോട് വച്ചായതിനാൽ കേസ് അവിടത്തെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ പൂജപ്പുരയിലെ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

കുട്ടി ക്ളാസിലിരുന്ന് കരയുന്നതു കണ്ട അദ്ധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് അച്ഛനിൽ നിന്ന് പീഡനമുണ്ടായ വിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂളിലെ കൗൺസിലറെ അധികൃതർ വിവരം അറിയിച്ചു. അപ്പോഴും കുട്ടി ഇക്കാര്യങ്ങൾ ആവർത്തിച്ചു. ഇതോടെ സ്‌കൂളധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. അച്ഛന്റെ പീഡനത്തെ കുറിച്ച് രണ്ടാനമ്മയോടും കുട്ടി വെളിപ്പെടുത്തിയിരുന്നു. പിന്നീട് കോടതിയിൽ കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ഒളിവിലായ പ്രതി അടുത്തിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.