photo

നെടുമങ്ങാട്: റവന്യു ടവർ നവീകരണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പുകിലുകളായിരുന്നു, അടിയന്തര ശുചീകരണം, പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളുടെ പുനരുദ്ധാരണം, ഓഫീസുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വാഹന പാർക്കിംഗ് യാർഡുകൾ, എ.ടി.എം കൗണ്ടർ, പുറത്തേയ്ക്ക് പോകാൻ പുതിയ റോഡ്, ഒടുവിൽ പവനായി ശവമായി എന്നുതന്നെ പറയാം. റവന്യൂ ടവറിലെ കൈയടിനേടിയ പ്രഖ്യാപനങ്ങൾക്ക് പിറകെ അതിന് ഊടും പാവും നെയ്ത തഹസിൽദാർ ഔട്ട്. നെടുമങ്ങാടിന്റെ ഭരണ സിരാകേന്ദ്രവും ഇരുപതോളം സർക്കാർ ഓഫീസുകളുടെ സമുച്ഛയവുമായ റവന്യുടവറും പരിസരവും മാലിന്യ കേന്ദ്രമാണിപ്പോൾ. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾ മൂക്കുപൊത്തി നടക്കേണ്ട ഗതികേട്. നവീകരണ പദ്ധതികൾ ആസൂത്രണം ചെയ്ത ഹൗസിംഗ് ബോർഡ് ഡയറക്ടർമാർ പോയവഴി പുല്ല് കുരുത്തില്ലെന്നാണ് ആക്ഷേപം. എല്ലാറ്റിനും മുന്നിലുണ്ടായിരുന്ന തഹസിൽദാർ ട്രെയിനിംഗിനെന്നെ പേരിൽ സീറ്റൊഴിഞ്ഞിട്ട് മാസങ്ങളായി. തയ്യാറാക്കിയ പദ്ധതികളിൽ ആകെ നടപ്പിലായത് സന്ദർശകരിൽ നിന്ന് പാർക്കിംഗ് ഇനത്തിലുള്ള പണപ്പിരിവ് മാത്രം !

അഴുകിനാറുന്ന മാലിന്യകൂമ്പാരത്തിന് സമീപത്താണ് നൂറ്റാണ്ട് പിന്നിട്ട ടൗൺ എൽ.പി.എസ്. മാലിന്യത്തിന് മീതെ കാടുമൂടി തലപ്പെക്കം വളർന്നു. ഇത് വകഞ്ഞു മാറ്റിയാണ് രക്ഷിതാക്കൾ കുട്ടികളെ പള്ളിക്കൂടത്തിൽ എത്തിക്കുന്നത്. ഇവിടെ മാലിന്യം നീക്കം ചെയ്യണമെന്നും തുടർന്നുള്ള നിക്ഷേപം തടയണമെന്നും സ്‌കൂൾ അധികൃതർ നിരവധി തവണ റവന്യു അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. നേരത്തെ, പി.ടി.എ ഇടപെട്ട് ഇവിടെ കുമിഞ്ഞു കൂടിയ മാലിന്യം ഗേറ്റിനു സമീപത്തുതന്നെ കുഴിയെടുത്ത് ജെ.സി.ബി.ഉപയോഗിച്ച് മറവു ചെയ്തിരുന്നു. അതിനുശേഷം ഇരട്ടിയിലധികം മാലിന്യം വീണ്ടും കുമിഞ്ഞുകൂടി. പുതുതായി പ്രവർത്തനം തുടങ്ങിയ സബ് ട്രഷറി, സമീപത്തെ വില്ലേജോഫീസ് എന്നിവയ്ക്കും മാലിന്യനീക്കത്തിന് പ്രത്യേകം പദ്ധതികളില്ല. അവരും എല്ലാം കൊണ്ടുതള്ളുന്നത് എൽ.പി കുരുന്നുകളുടെ വിദ്യാലയത്തിന് പിന്നിൽ തന്നെ.ദുർഗന്ധമേറുമ്പോൾ മൂക്കുപൊത്തിയിരുന്നാണ് കുരുന്നുകൾ പഠിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു.

അടുത്തിടെ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥയും തഹസിൽദാരും തമ്മിൽ റവന്യു ടവർ അങ്കണത്തിലുണ്ടായ പരസ്യ ഏറ്റുമുട്ടലാണ് അടിയന്തര പരിഷ്കരണ നടപടികൾക്ക് തുടക്കം കുറിച്ചത്. തർക്കം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം റവന്യു ടവർ നവീകരിക്കാൻ പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.