തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ തുടർച്ചയായി അപകടമുണ്ടാകുന്ന സാഹചര്യം അവസാനിപ്പിക്കാൻ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയപാതാ അതോറിട്ടി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ബൈപ്പാസിൽ റോഡപകടങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകളും പരാതിയും ലഭിച്ചതിനെ തുടർന്നാണ് സന്ദർശനം.
ലോർഡ്സ് ഹോസ്പിറ്റൽ ജംഗ്ഷനിൽ അപകടങ്ങൾ തുടർച്ചയാകുന്നതിൽ സമീപവാസികൾ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ ജംഗ്ഷനിലും അപകട സാഹചര്യം കൂടുതലുള്ള ബൈപ്പാസിലെ മറ്റ് ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നൽ സിസ്റ്റവും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബൈപ്പാസിലേക്ക് സമീപ റോഡുകളിൽ നിന്ന് വാഹനങ്ങൾ അമിതവേഗത്തിലും അശ്രദ്ധമായും കടന്നുവരുന്നത് നിയന്ത്രിക്കണം. ബൈപ്പാസ് നിർമ്മാണത്തിനെ കുറിച്ചുള്ള ആക്ഷേപങ്ങൾ ഗൗരവമുള്ളതാണെന്നും, ഉന്നത നിലവാരത്തോടെ എത്രയും വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡരികിലെ ഓടകൾ പുനർനിർമ്മിക്കണം. മുമ്പ് നിലവിലുണ്ടായിരുന്ന ഓടകൾ റോഡ് വികസനത്തിനായി മണ്ണിട്ട് നികത്തിയിരുന്നു. ഇതുമൂലം സമീപത്തെ വീടുകളിൽ വെള്ളം കയറുകയും റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് മന്ത്രി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പ്ലാൻ തയ്യാറാക്കി എത്രയും വേഗം ഓട നിർമ്മാണം നടത്താമെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പ് നൽകി. നഗരസഭാ കൗൺസിലർ ശോഭാറാണി, എൻ.എച്ച്.എ.ഐ ഉന്നത ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.