
ബാലരാമപുരം: നേപ്പാളിൽ നടന്ന ഇന്റോ-നേപ്പാൾ അന്തർദേശീയ ആർച്ചെറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സ്വർണ്ണം, വെള്ളി മെഡലുകൾ നേടി സഹോദരങ്ങൾ മികവ് കാട്ടി. കല്ലിയൂർ ആന്റോ നിവാസിൽ എൻ.ഡി മാത്യുവിന്റെയും എം.എൽ സുജയുടെയും മക്കളായ ബി.ടെക് വിദ്യാർത്ഥികളായ സഹോദരങ്ങളായ ആന്റോയും ആൻസിയുമാണ് നാടിന്റെ അഭിമാനമായത്. 19 വയസിന് മുകളിൽ പ്രായമുള്ളവരുടെ മത്സരത്തിലാണ് നേട്ടം.
വഞ്ചിയൂർ സ്വദേശിയായ കോച്ച് എസ്.വിഷ്ണുവാണ് 2013 മുതൽ ഇരുവർക്കും പരിശീലനം നൽകിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. മുംബയ് വിരാറിൽ വച്ച് നടന്ന ദേശീയ മത്സരത്തിൽ പങ്കെടുത്ത ഇവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ പരാജയപ്പെടുത്തിയാണ് അന്തർദേശീയമത്സരത്തിന് യോഗ്യരായത്. തുടർച്ചയായി മൂന്നാം തവണയാണ് കോച്ച് വിഷ്ണുവിന്റെ നേതൃത്വത്തിൽ അന്തർദേശീയ മത്സരത്തിനുള്ള ചാമ്പ്യൻമാരെ സൃഷ്ടിക്കുന്നത്. അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കാൻ ലക്ഷങ്ങൾ ചെലവ് വരും. എന്നാൽ കേരള രജനീകാന്ത് ഫാൻസ് അസോസിയേഷൻ, ബഹ്റിനിലെ ബിസിനസ് കാരനായ സുരേഷ് എന്നിവർ സഹായഹസ്തവുമായി രംഗത്തെത്തി.