തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാൻ അദാനിക്ക് 9 മാസം (270 ദിവസം) കൂടി അനുവദിച്ചു. ഇതിൽ വീഴ്ച വരുത്തിയാൽ അദാനിയുമായി ഒപ്പിട്ട കരാർ പ്രകാരം പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സർക്കാരിന് സ്വീകരിക്കാം.
ഒമ്പത് മാസത്തിൽ ആദ്യത്തെ മൂന്ന് മാസം നിർമ്മാണം മുടക്കമില്ലാതെ നടക്കുന്നോയെന്ന് സർക്കാരും സ്വതന്ത്ര എൻജിനീയറും നിരീക്ഷിക്കും. ഈ കാലയളവിലെ വീഴ്ചകൾ നിരീക്ഷിക്കും. ഈ വീഴ്ചകൾ അടുത്ത ആറ് മാസം ആവർത്തിക്കരുത്. ഒമ്പതു മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കണം. ഇല്ലെങ്കിൽ സർക്കാരിന് അദാനി കമ്പനിയുടെ മേൽ പിഴ ചുമത്താനും തുറമുഖ നിർമ്മാണത്തിൽ നിന്ന് പുറത്താക്കാനും സാധിക്കും. എന്നാൽ കരാർ 40 വർഷത്തേക്കായതിനാൽ ആദ്യഘട്ടത്തിലെ വീഴ്ചയ്‌ക്ക് നടപടിയെടുക്കാൻ സാദ്ധ്യതയില്ല.
ആദ്യഘട്ടം പൂർത്തിയാക്കാനുള്ള 1460 ദിവസത്തെ കാലാവധി ഡിസംബർ നാലിന് അവസാനിച്ചിരുന്നു. നിർമ്മാണത്തിന് പാറ കിട്ടുന്നില്ലെന്ന് സർക്കാരിന് ബോദ്ധ്യപ്പെട്ടതിനാലാണ് 270 ദിവസം കൂടി അനുവദിച്ചത്.
അനുമതി മൂന്ന് ക്വാറികൾക്ക്
പുലിമുട്ടിന് അടക്കം കല്ലെടുക്കാൻ മൂന്ന് ക്വാറികൾക്കാണ് അനുമതി കിട്ടിയിട്ടുള്ളത്. കൊല്ലത്തെ മാങ്കോട്, കുമ്മിൾ എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ ക്വാറികളിൽ നിന്ന് കല്ലെടുക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 21 സർക്കാർ ക്വാറികളിൽ നിന്ന് കല്ലെടുക്കാനുള്ള അനുമതിക്ക് 2018 ഏപ്രിലിൽ അദാനി കത്ത് നൽകിയിരുന്നു. ഇതിൽ തിരുവനന്തപുരം നഗരൂർ കടവിളയിലെ ക്വാറിക്കു മാത്രമാണ് അനുമതി ലഭിച്ചത്. ബാക്കിയുള്ളവയ്‌ക്ക് മൈനിംഗ്, ജിയോളജി, പരിസ്ഥിതി വകുപ്പുകളുടെ അനുമതിപത്രം കിട്ടേണ്ടതുണ്ട്.
തമിഴ്നാട്, മുംബയ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് കടൽമാർഗം കല്ലെത്തിക്കാനും അദാനി ശ്രമിക്കുന്നുണ്ട്. ഇത് വേഗത്തിലായാൽ നിർമ്മാണം വൈകില്ലെന്നാണ് കണക്കുകൂട്ടൽ.
3.1 കിലോമീറ്റർ നീളത്തിലാണ് പുലിമുട്ട് നിർമ്മിക്കേണ്ടത്. അതിൽ 600 മീറ്ററിൽ മാത്രമാണ് കല്ലിട്ടിട്ടുള്ളത്. പുലിമുട്ടിന് 70 ലക്ഷം ടണ്ണും ബെർത്തിന് 10 ലക്ഷം ടണ്ണും പാറയാണ് വേണ്ടത്. ദിവസം 10,000 ടൺ കല്ലെങ്കിലും വേണം. ഇപ്പോൾ 3,000 ടൺ മാത്രമാണ് എത്തുന്നത്.
ഒന്നാം ഘട്ടം
തുറമുഖ ഓഫീസ്, തുറമുഖ റോഡ്, കണ്ടെയ്‌നർ യാർഡ്, ടെർമിനൽ നിർമ്മാണം, ആധുനിക മത്സ്യബന്ധന തുറമുഖം, സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങൾ.
'ഏപ്രിലോടെ നിർമ്മാണം വേഗത്തിലാകും. ഡ്രഡ്‌ജറുകളും ബാർജുകളുമടക്കമുള്ള കൂടുതൽ യന്ത്രസന്നാഹങ്ങൾ ഉടൻ എത്തും. നീട്ടിക്കിട്ടിയ സമയത്തിനുള്ളിൽ ഒന്നാംഘട്ടം പൂർത്തിയാക്കും".
- രാജേഷ് ഝാ, സി.ഇ.ഒ, അദാനി ഗ്രൂപ്പ്
ക്വാറികളുടെ അനുമതിക്കുള്ള സർക്കാർ നടപടികൾ വേഗത്തിലായാൽ പാറക്ഷാമത്തിന് പരിഹാരമാകും. അനുബന്ധ പ്രവൃത്തികൾ വേഗത്തിൽ നടക്കുന്നുണ്ട്.
-ഡോ.ജയകുമാർ, എം.ഡി, വിസിൽ