നെടുമങ്ങാട്: താലൂക്കാസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. മഴ കാരണം കരാർ എടുക്കാൻ കോൺട്രാക്ടർമാർ തയ്യാറാകാത്തതാണ് റോഡുകളുടെ അറ്റകുറ്റപ്പണി വൈകാൻ കാരണമെന്നും വെമ്പായം -നെടുമങ്ങാട്, ആര്യനാട് -നെടുമങ്ങാട്, മഞ്ച-അരുവിക്കര, നെടുമങ്ങാട് -പൊന്മുടി റോഡുകൾ ഒരാഴ്ചയ്ക്കകം അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അസി.എക്സിക്യൂട്ടീവ് എൻജിനീയർ ഉപരോധക്കാർക്ക് എഴുതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയൻ,കൊല്ലങ്കാവ് മണിക്കുട്ടൻ, ബി.എസ് ബൈജു, കരകുളം രാധാകൃഷ്ണൻ, പരിയാരം സജു, കുറക്കോട് ബിനു, കെ. ഉദയകുമാർ, ജെ.അജികുമാർ, ആലപ്പുറം പ്രശാന്ത്, രാജാദാസ്, സുമയ്യമനോജ്, കരകുളം സുനി, പാർത്ഥൻ, വിനീഷ് എന്നിവർ നേതൃത്വം നൽകി.
റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയന്റെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി നെടുമങ്ങാട് അസിസ്റ്റന്റ് എക്സി.എഞ്ചിനിയറെ ഓഫീസിൽ ഉപരോധിക്കുന്നു