കിളിമാനൂർ: ഛത്തിസ്ഗഡിൽ ഇന്തോ- തിബറ്റൻ ബോർഡർ പൊലീസ് കോൺസ്റ്റബിൾ നടത്തിയ വെടിവയ്പിൽ പരിക്കേറ്റ കിളിമാനൂർ സ്വദേശിയായ സേനാംഗം അപകടനില തരണം ചെയ്തതായി ബന്ധുക്കൾ. കിളിമാനൂർ പുളിമാത്ത് തൊളിക്കുഴി ഈട്ടിമൂട് പ്ലാക്കീഴ് ഉല്ലാസ് ഭവനിൽ ശാർങ്‌ഗധരൻ നായർ - ബിന്ദു ദമ്പതികളുടെ മകൻ ഉല്ലാസിനാണ് പരിക്കേറ്റത്. ഛത്തീസ്ഗഡ് കദേനർ ഗ്രാമത്തിൽ നാല്പത്തിയഞ്ചാം ബറ്റാലിയൻ ക്യാമ്പിൽ ബുധനാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. സേനാംഗങ്ങൾ തമ്മിലുള്ള നിസാര പ്രശ്നത്തെ തുടർന്നാണത്രേ പശ്ചിമബംഗാൾ സ്വദേശി മസ്ദൂൽ റഹ്മാൻ സ്വന്തം തോക്കിൽ നിന്ന് സഹപ്രവർത്തകർക്ക് നേരെ വെടി ഉതിർത്തത്. തുടർന്ന് ഇയാൾ സ്വയം വെടിവച്ചുമരിച്ചു. ഉല്ലാസിന് വെടിയേറ്റതായും മരിച്ചതായുമാണ് ആദ്യം വാർത്തയെത്തിയത്. ചാനലിൽ നിന്ന് വാർത്തയറിഞ്ഞ കൂലിവേലക്കാരനായ അച്ഛൻ ജോലിസ്ഥലത്തുനിന്നു വീട്ടിലേക്ക് പാഞ്ഞു. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏറെക്കഴിയും മുമ്പേ ക്യാമ്പിൽ നിന്ന് ഫോൺകാളെത്തി. ഹിന്ദിയിലായതിനാൽ പൂർണമായും മനസിലായില്ലത്രേ. എന്നാൽ മകന് ആപത്തില്ലെന്ന് മനസിലായതായി അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാത്രിവരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വെള്ളിയാഴ്ച മകനുമായി സംസാരിച്ചതായും, മകൻ അപകടനില തരണം ചെയ്തതായും ശാർങ‌്ഗധരൻ കേരളകൗമുദിയോട് പറഞ്ഞു.