kodiyeri

തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് കോടിയേരി ബാലകൃഷ്ണൻ തുടരും. പാർട്ടി ചുമതല തൽക്കാലം ആർക്കും കൈമാറേണ്ടതില്ലെന്നാണ് സി.പി.എമ്മിലെ ധാരണ.

വിദേശത്തു നിന്ന് ചികിത്സാപരിശോധന കഴിഞ്ഞ് മടങ്ങിയെത്തിയ കോടിയേരി തിരുവനന്തപുരത്തും ചികിത്സ തുടരുന്നുണ്ട്. ഇതിന്റെ തുടർച്ചയായി വീണ്ടും അദ്ദേഹത്തിന് ഹൂസ്റ്റണിലേക്ക് പോകേണ്ടി വരുമെങ്കിലും അത് ഉടനെയുണ്ടാകില്ല. ചികിത്സയുടെ ഭാഗമായി പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽ അദ്ദേഹം സജീവമല്ലായിരുന്നെങ്കിലും പതുക്കെ, ഓഫീസ് കാര്യങ്ങളിൽ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്.

ഇന്നലെ എ.കെ.ജി സെന്ററിൽ ചേർന്ന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും അദ്ദേഹം അല്പസമയം പങ്കെടുക്കും.

ചികിത്സ തുടരുന്ന സാഹചര്യത്തിലും പിന്നീട് വിദേശത്ത് പോകേണ്ടി വരുമ്പോഴും പാർട്ടിയുടെ ഏകോപനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്താനാണ് സി.പി.എം നീക്കം. പാർട്ടി സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എം.വി. ഗോവിന്ദൻ മേൽനോട്ടം വഹിച്ചേക്കും.

ആ വാർത്ത അടിസ്ഥാനരഹിതം

ചികിത്സയ്ക്കായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടിക്ക് അവധി അപേക്ഷ നൽകിയെന്നും പാർട്ടിക്ക് പുതിയ താത്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുമുള്ള മാദ്ധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.