kacheri

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപത്തിന് മുന്നോടിയായി നടക്കുന്ന മുറജപത്തിന്റെ രണ്ടാംമുറ ഇന്ന് അവസാനിക്കും. രാത്രി 8.30ന് കമലവാഹനത്തിൽ പൊന്നും ശീവേലി നടക്കും. രാത്രി എട്ടിന് ശീവേലിയുടെ ചടങ്ങുകൾ കിഴക്കേ ശീവേലിപ്പുരയിൽ ആരംഭിക്കും. സ്വർണ നിർമ്മിതമായ കമലവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനത്തിൽ നരസിംഹമൂർത്തിയെയും എഴുന്നെള്ളിക്കും. ശീവേലി പടിഞ്ഞാറെ നടയിലെത്തുമ്പോൾ തിരുവാമ്പാടിയിൽ നിന്ന് ശ്രീകൃഷ്ണസ്വാമിയെയും എഴുന്നെള്ളിക്കും. ആദ്യത്തെ പ്രദക്ഷിണത്തിൽ പടിഞ്ഞാറെ നടയിൽ പ്രത്യേക പൂജയും ദീപാരാധനയും ഉണ്ടായിരിക്കും. മൂന്നു പ്രദക്ഷിണത്തോടെ ശീവേലി സമാപിക്കും. ഉടവാളിന് പിന്നാലെ ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ്മ ശീവേലിക്ക് അകമ്പടി പോകും. യോഗക്കാരും ഉദ്യോഗസ്ഥരും വൈദികരും അനുഗമിക്കും. ഇതോടെ രണ്ടാം മുറയ്ക്ക് സമാപനമാകും. മുറജപത്തോടനുബന്ധിച്ച് ശീവേലിപ്പുര ദീപാലംകൃതമാക്കിയിട്ടുണ്ട്. ഇരുവശത്തും കൂടുതൽ വൈദ്യുതദീപങ്ങൾ തെളിഞ്ഞു. ശീവേലി സമയത്ത് ഇരുവശത്തെയും കൽത്തൂണുകളിൽ ഘടിപ്പിച്ച വിളക്കുകളിലും തിരി തെളിക്കും.
മുറജപത്തിന്റെ മൂന്നാം മുറയ്ക്ക് നാളെ തുടക്കമാകും. രാവിലെ 6.30 ന് ജലജപത്തോടെ മന്ത്രോച്ചാരണം ആരംഭിക്കും. ഇത് 10.30 വരെ നീളും. വൈകിട്ട് പദ്മതീർത്ഥക്കരയിൽ വീണ്ടും ജലജപം നടക്കും. മൂന്നാംമുറ 14ന് അവസാനിക്കും.


കലാപരിപാടികൾക്ക് തിരക്കേറുന്നു

മുറജപത്തിന്റെ ഭാഗമായി കിഴക്കേനടയിലും വടക്കേനടയിലും സന്ധ്യയ്ക്ക് നടക്കുന്ന നൃത്ത സംഗീതമേളയിൽ കാണികളുടെ തിരക്ക്. തിരക്കിനെ തുടർന്ന് പരിപാടികൾ തത്സമയം കാണാൻ സ്‌ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. നൃത്തമേളയിൽ വരും ദിവസങ്ങളിൽ ദേശീയതലത്തിൽ ശ്രദ്ധ നേടിയിട്ടുള്ള കലാകാരന്മാ‌രുടെ സാന്നിദ്ധ്യവുമുണ്ടാകും.
കിഴക്കേനടയിലെ പടിക്കെട്ടുകളിലുള്ള വൈദ്യുത ദീപങ്ങൾ ദൃശ്യമാകുംവിധം താഴ്ന്ന വേദിയാണ് കലാപരിപാടികൾ തയ്യാറാക്കിയിട്ടുള്ളത്. ഇത് നർത്തകർക്കും കാഴ്ചക്കാർക്കും അസൗകര്യമാണെന്ന പരാതിയെ തുടർന്ന് വേദി ഉയർത്താനും തിരക്ക് നിയന്ത്രിക്കാൻ പദ്മതീർത്ഥക്കരയിൽ കസേരകൾ നിരത്താനുമുള്ള നടപടി അധികൃതർ സ്വീകരിച്ചിരുന്നു.