മലയാളിതാരം സഞ്ജു സാംസണിന് അവസരം നൽകുന്നതിൽ സസ്‌പെൻസ് തുടരുന്നു
ഹൈദരാബാദ് : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദിൽ തുടക്കമാകുമ്പോൾ മലയാളി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സാംസൺ പ്ളേയിംഗ് ഇലവനിൽ സ്ഥാനം പിടിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരമറിയാനാണ്.
ഇന്നലെ മത്സരത്തിന് മുമ്പുള്ള പതിവ് പത്രസമ്മേളനത്തിനെത്തിയ നായകൻ വിരാട് കൊഹ്‌ലി യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതും അടുത്തവർഷത്തെ ട്വന്റി 20 ലോകകപ്പ് മുന്നിൽക്കണ്ട് പരിചയ സമ്പന്നനായ ലോകേഷ് രാഹുലിന് ഒാപ്പണിംഗ് റോളിൽ മുൻതൂക്കമുണ്ടെന്ന് സൂചിപ്പിച്ചതും സഞ്ജുവിന്റെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ പരമ്പരയിൽ ടീമിലുണ്ടായിരുന്നിട്ടും ഒരവസരം പോലും നൽകാതെ സങ്കടപ്പെടുത്തിയ സഞ്ജുവിനെ ഇൗ പരമ്പരയിലെങ്കിലും പരിഗണിക്കാതിരിക്കുമോ എന്നതാണ് ആരാധകരുടെ ചോദ്യം.
ലോകകപ്പിന് മുമ്പുള്ള അവസാന തയ്യാറെടുപ്പുകളിൽ പെട്ടതാണ് ഇൗ പരമ്പര. അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലുള്ള പുതിയ പരീക്ഷണങ്ങൾക്ക് ഇനി അവസരമില്ലെന്നാണ് സ്ഥാനമൊഴിയുന്ന ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിന്റെ അഭിപ്രായം. ബംഗ്ളാദേശിനെതിരായ പരമ്പരയിൽ ടീമിലെടുത്ത് എല്ലാ മത്സരങ്ങളിലും വാട്ടർ ബോയി ആക്കിയശേഷം വിൻഡീസിനെതിരായ പരമ്പരയിൽ ആദ്യം സഞ്ജുവിനെ ഒഴിവാക്കുകയാണ് സെലക്ടർമാർ ചെയ്തത്. എന്നാൽ ശിഖർ ധവാന് പരിക്കേറ്റത് കൊണ്ടുമാത്രമാണ് പിന്നീട് ടീമിൽ ഉൾപ്പെടുത്തേണ്ടിവന്നത്.
കെ.എൽ. രാഹുൽ
31 അന്താരാഷ്ട്ര ട്വന്റി 20 കളുടെ പരിചയ സമ്പത്തുള്ള രാഹുൽ ആദ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയതിനാൽ ശിഖർ ധവാന് പകരക്കാരനായി സെലക്ടർമാരുടെ ഫസ്റ്റ് ചോയ്സ് മറ്റാരുമാകില്ല. സ്ഥിരതയില്ലായ്മയാണ് രാഹുലിന്റെ മൈനസ് പോയിന്റ്. ലോകകപ്പിന് സഞ്ജുവിനെക്കാൾ സെലക്ടർമാർ പ്രാധാന്യം നൽകുന്നത് രാഹുലിനാണ്.
ഋഷഭ് പന്ത്
ധോണിയുടെ പകരക്കാരനായി പരിഗണിച്ചിരുന്ന ഋഷഭ് പന്ത് ഏകദിന ലോകകപ്പിന് ശേഷം ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും നിരന്തര പരാജയമായിരുന്നു. ടെസ്റ്റിൽ വൃദ്ധിമാൻ സാഹയ്ക്ക് വഴിമാറിക്കൊടുക്കേണ്ടിവന്ന പന്തിന് ഇപ്പോൾ ട്വന്റി 20 യിലും ഏകദിനത്തിലും മാത്രമാണ് സ്ഥാനം. ലോകകപ്പിന് പന്ത് വേണം എന്ന സെലക്ടർമാരുടെ നിർബന്ധം ഇൗ പരമ്പരയിലും തോറ്റാൽ മാറ്റിവയ്ക്കേണ്ടിവരും.
സഞ്ജു സാംസൺ
വിക്കറ്റ് കീപ്പറാക്കാം, ഒാപ്പണറാക്കാം, മദ്ധ്യനിരയിലിറക്കാം.... ഏത് പൊസിഷനിലും സഞ്ജുവിനെ കളിപ്പിക്കാം. എന്നാൽ ഏത് പൊസിഷനിൽ ആരെ മാറ്റും എന്നതാണ് പ്രശ്നം. ധവാന് പരിക്കേറ്റതിനാൽ ഒാപ്പണറാക്കാം. എന്ന് കരുതിയാൽ അവിടെ രാഹുലുണ്ട്. കീപ്പറായി ഋഷഭും. സഞ്ജുവിന് പ്ളേയിംഗ് ഇലവനിലെത്താൻ ഇനിയുമാർക്കെങ്കിലും പരിക്കേൽക്കേണ്ടിവരും!
രണ്ട് മണിക്കൂർ മുമ്പറിയാം
ടോസ് ഇടുന്നതിന് രണ്ട് മണിക്കൂർ മുമ്പുമാത്രമേ പ്ളേയിംഗ് ഇലവനെ കളിക്കാർക്ക് പോലും അിയാനാകൂ എന്നാണ് ടീം മാനേജ്മെന്റിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പ്ളേയിംഗ് ഇലവൻ സെലക്ഷനിൽ ക്യാപ്ടൻ വിരാട് കൊഹ്‌ലിക്കും കോച്ച് രവിശാസ്ത്രിക്കുമാണ് സുപ്രധാന പങ്ക്. ചീഫ് സെലക്ടറുമായും ആലോചിക്കും.
കരുത്തോടെ ഇന്ത്യ
ബംഗ്ളാദേശിനെതിരായ പരമ്പരയിൽ നിന്നും കൂടുതൽ കരുത്തോടെയാണ് ഇന്ത്യൻ ടീം വിൻഡീസിനെ നേരിടാനിറങ്ങുന്നത്. നായകനായി കൊഹ്‌ലി തിരിച്ചെത്തുന്നു. പേസർമാരായ മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം സ്പിന്നർ കുൽദീപ് യാദവും തിരിച്ചെത്തുന്നുണ്ട്. കുൽദീപും ചഹലും ചേർന്ന സ്പിൻ അറ്റാക്ക് ദീർഘനാളുകൾക്ക് ശേഷമാണ് ഒരുമിക്കുന്നത്. 2017ന് ശേഷം ആദ്യമായാണ് ഷമി ട്വന്റി 20 ക്ക് ഇറങ്ങുന്നത്. ഭുവനേശ്വർ ആഗസ്റ്റിന് ശേഷവും ബംഗ്ളാദേശിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച പേസർ ദീപക് ചഹറും ടീമിലുണ്ട്.
പകരം വീട്ടാൻ പൊള്ളാഡും
കൂട്ടരും
കഴിഞ്ഞ ആഗസ്റ്റിൽ സ്വന്തം നാട്ടിൽവച്ച് ഇന്ത്യയോട് മൂന്ന് മത്സര പരമ്പര തോറ്റമ്പിയതിന് പകരംവീട്ടാനാണ് വിൻഡീസ് എത്തുന്നത്. ഐ.പി.എല്ലിലൂടെ ഇന്ത്യൻ പരിചയം ആവോളമുള്ള കെയ്‌റോൺ പൊള്ളാഡാണ് കരീബിയൻ പടനായകൻ. നിലവിലെ ട്വന്റി 20 ലോകകപ്പ് നേതാക്കളാണ് വിൻഡീസുകാർ.
അഫ്ഗാനിസ്ഥാ
നെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകൾക്കായി ഒരു മാസത്തിലേറെയായി അവർ ലക്നൗവിലുണ്ടായിരുന്നു. ആന്ദ്രേ റസൽ, ഡ്വെയ്ൻ ബ്രാവോ തുടങ്ങിയ പരിചയസമ്പന്നരെ ഒഴിവാക്കിയാണ് വിൻഡീസ് എത്തിയിരിക്കുന്നത്. പന്തുരയ്ക്കൽ പ്രശ്നത്തിലെ വിലക്ക് കാരണം നിക്കോളാസ് പുരാന് ട്വന്റി 20 പരമ്പരയിൽ കളിക്കാനാവില്ല.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ: വിരാട് കൊഹ്‌ലി (ക്യാപ്ടൻ), രോഹിത് ശർമ്മ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിംഗ് ടൺ, സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.
വെസ്റ്റ് ഇൻഡീസ് : കെയ്റോൺ പൊള്ളാഡ് (ക്യാപ്ടൻ), ഫാബിയൻ അല്ലെൻ, ഷെൽഡൺ കോട്ടെറെൽ, ഷിമ്രോൺ ഹെട്മേയർ, ജസൺ ഹോൾഡർ, ബ്രാൻഡൺ കിംഗ്, എവിൻ ലെവിസ്, കീമോപോൾ, ഖ്വാറി പിയറി, ദിനേഷ് രാംദിൻ, ഷെഫാനേ റൂതർഫോർഡ്, ലെൻഡ്ൽ സിമ്മോൺസ്, ഹെയ്ഡൻ വാൽഷ് ജൂനിയർ, കെസ്റിക്ക് വില്യംസ്.
ടിവി ലൈവ് രാത്രി ഏഴ് മുതൽ സ്റ്റാർ സ്പോർട്സിൽ.
ലോകകപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പിുകളിലൊന്നാണ് ഈ പരമ്പര. അതിനാൽ ബാറ്റിംഗ് നിരയിൽ വലിയ പരീക്ഷണങ്ങൾ നടത്താനില്ല. ഷമി, ഭുവനേശ്വർ, ബുംറ എന്നീ പേസർമാരുടെ സ്ഥാനവും ലോകകപ്പിൽ ഏറക്കുറെ ഉറപ്പാണ്. നാലാമതൊരു പേസറെ കൂടിയേ ഇനി കണ്ടെത്താനുള്ളൂ. ടീമിലെത്താൻ കളിക്കാർക്കിടയിൽ ആരോഗ്യകരമായ ഒരു മത്സരം ഉണ്ടെന്നത് യാഥാർത്ഥ്യമാണ്.
വിരാട് കൊഹ്‌ലി,
ഇന്ത്യൻ ക്യാപ്ടൻ.
ലോകകപ്പിന് മുമ്പ് ഞങ്ങളുടെ യുവനിരയ്ക്ക് പരിചയം നൽകാനുള്ള അവസരമായാണ് ഈ പരമ്പരയെ കാണുന്നത്. കരീബിയൻ പ്രമിയർ ലീഗിലെ മികവിലൂടെ ടീമിലെത്തിയ താരങ്ങൾക്ക് അന്താരാഷ്ട്ര രംഗത്തെ മത്സരപരിചയം അനിവാര്യമാണ്. ഇന്ത്യ ഒന്നാം നിര ടീമാണ്. നിസാരമായി ഞങ്ങൾക്ക് ജയിക്കാനാകുമെന്ന് കരുതുന്നില്ല.
- കെയ്റോൺ പൊള്ളാഡ്,
വിൻഡീസ് ക്യാപ്ടൻ.
ട്വന്റി-20 ലോകകപ്പിലെ ടീമിനെക്കുറിച്ച് ബി.സി.സി.ഐക്ക് ചില ധാരണകളൊക്കെയുണ്ട്. അത് കോച്ച് രവി ശാസ്ത്രിയുടെയും നായകൻ വിരാട് കൊഹ്ലിയുമായും ചർച്ച ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ വെളിപ്പെടുത്താനില്ല.
സൗരവ് ഗാംഗുലി,
ബി.സി.സി.ഐ പ്രസിഡന്റ്.