തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃത സാഹിത്യ വിഭാഗം റിസർച്ച് ഫോറത്തിന്റെയും സംസ്‌കൃത സാഹിത്യ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'മധ്യകാല ഭാരതത്തിലെ സംസ്‌കൃതം:വിനഷ്ട പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ്' എന്ന വിഷയത്തിൽ ത്രിദിന അന്തർദേശീയ സമ്മേളനം സംഘടിപ്പിക്കും.10, 11, 12 തീയതികളിലായി കാലടി മുഖ്യകേന്ദ്രത്തിലാണ് സമ്മേളനം.10ന് രാവിലെ 10ന് പുതച്ചേരി ഇ.എഫ്.ഇ.ഒ.ഫാക്കൽറ്റി ഡോ.ഹ്യൂഗോ ഡേവിഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷത വഹിക്കും. സംസ്‌കൃതം സാഹിത്യ വിഭാഗം ഡീനും വിസിറ്റിംഗ് പ്രൊഫ. ഡോ.സി.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യ വിഭാഗം അദ്ധ്യാപകനായ ഡോ.അരുൺ ജഗനാഥന്റെ 'പരശുരാമ മിത്ത്:ഫെസറ്റ്‌സ് ഓഫ് സോഷ്യോ കൾചറൽ ഐഡന്റിറ്റി'എന്ന പുസ്തകം പ്രകാശനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ബെൽജിയത്തിൽ നിന്നുള്ള ഡോ.ക്രിസ്റ്റഫെ വില്ലെ,പൂനെയിൽ നിന്നുള്ള ഡോ. ജി.യു. ഥിട്ടെ,തിരുപ്പതിയിൽ നിന്നുള്ള ഡോ.കെ.ഇ.ദേവനാഥൻ,ജപ്പാനിൽ നിന്നുള്ള ഡോ.അകാനെ സൈറ്റോ,പോണ്ടിച്ചേരിയിൽ നിന്നുള്ള ഡോ.എസ്.എൻ.പി.ആഞ്ജനേയ ശർമ്മ,ഹിമാചൽ പ്രദേശിൽ നിന്നുള്ള ഡോ.മനു വി ദേവദേവൻ, പോണ്ടിച്ചേരിയിൽ നിന്നുള്ള ഡോ.എസ്.എ.എസ്.ശർമ്മ, ഡൽഹിയിൽ നിന്നുള്ള ഡോ.കെ.അനന്തൻ എന്നിവർ പ്രബന്ധം അവതരിപ്പിക്കും.