iffk-inauguration

തിരുവനന്തപുരം: ലോക സിനിമാ പ്രേമികൾക്ക് മുന്നിൽ കാഴ്ചയുടെ വസന്തം വിരിയിച്ച് നമ്മുടെ സ്വന്തം ചലച്ചിത്രോത്സവം ഇന്ന് തുടങ്ങും. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 24-ാമത് എഡിഷൻ വൈകിട്ട് 6ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദ വിശിഷ്ടാതിഥിയായെത്തും.ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മേയർ കെ.ശ്രീകുമാർ വി.കെ പ്രശാന്ത് എം.എൽ.എയ്‌ക്കും ഫെസ്റ്റിവൽ ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാറിനും നൽകി പ്രകാശനം ചെയ്യും.തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും.

വിവിധ തിയേറ്ററുകളിൽ രാവിലെ 10 മണിക്കാണ് പ്രദർശനം ആരംഭിക്കുന്നത്. 8,998 സീറ്റുകളാണുള്ളത്. 3500 സീറ്റുകൾ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് ചിത്രമായ ഡോർലോക്ക് ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം . ബാർക്കോ ഇലക്ട്രോണിക്‌സിന്റെ നൂതനമായ ലേസർ ഫോസ്‌ഫർ ഡിജിറ്റൽ പ്രോജക്ടറാണ് ഇത്തവണ നിശാഗന്ധിയിൽ ഉപയോഗിക്കുന്നത്.

അന്താരാഷ്ട്ര മൽസര വിഭാഗത്തിൽ ഈജിപ്ഷ്യൻ സംവിധായകൻ ഖൈറി ബെഷാറയാണ് ജൂറി ചെയർമാൻ. ഇറാനിയൻ നടി ഫാത്തിമ മൊഹമ്മദ് ആര്യ, കസാഖ് സംവിധായകൻ അമീർ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ, മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ എന്നിവരാണ് ജൂറി അംഗങ്ങൾ.