ലണ്ടൻ : തങ്ങളുടെ മുൻ പരിശീലകൻ ഹൊസെ മൗറീന്യോ പരിശീലകനായ ടോട്ടൻ ഹാമിനെ ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ നിർണായക മത്സരത്തിൽ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൗറീന്യോയുടെ പകരക്കാരനായി എത്തിയ ഒലെ ഗുണാർ സോൾഷ്യർ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കണ്ടത്.
മാർക്കസ് റാഷ്ഫോഡിന്റെ ഇരട്ട ഗോളുകൾളാണ് യുണൈറ്റഡിന്റെ വിജയം നൽകിയത്. ആറാം മിനിട്ടിലായിരുന്നു റാഷ് ഫോർഡിന്റെ ആദ്യ ഗോൾ. 39-ാം മിനിട്ടിൽ ഡെലെ അല്ലിയിലൂടെ ടോട്ടൻഹാം സമനില പിടിച്ചു. ആദ്യ പകുതിയിൽ 1-1നാണ് പിരിഞ്ഞത്. എന്നാൽ, ഇടവേള കഴിഞ്ഞെത്തി 49-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ റാഷ് ഫോർഡ് യുണൈറ്റഡിന് വിജയം സമ്മാനിക്കുകയായിരുന്നു.
ലീഗിലെ മറ്റൊരു മത്സരത്തിൽ എവർട്ടനെ 5-2ന് കീഴടക്കിയ ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. ഡിവോക്ക് ഒറിജി ആറാം മിനിട്ടിൽ ലിവർപൂളനായി ഗോളടി തുടങ്ങിയരുന്നു. ഷെദ്രാൻ ഷാക്കീരി 1 7-ാം മിനിട്ടിൽ ലീഡുയർത്തി. 21-ാം മിനിട്ടിൽ കീനിലൂടെ എവർട്ടൺ ഒരെണ്ണം തിരിച്ചടിച്ചു. എന്നാൽ, 31-ാം മിനിട്ടിൽ ഒറിജിയും 45-ാം മിനിട്ടിൽ സാഡിയോ മാനേയും സ്കോർ ചെയ്തതോടെ ലിവർപൂളിന് ലീഡ് 4-1ആയി ഉയർന്നു. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് റിച്ചാസിലണിലൂടെ എവർട്ടൺ ഒരു ഗോളുകൂടി തിരിച്ചടിച്ചു. 90-ാം മിനിട്ടിൽ വിയനാൽഡമാണ് ലിവർപൂളിന്റെ അവസാന ഗോൾ നേടിയത്.
ഈ വിജയത്തോടെ ലിവർപൂളിന് 15 മത്സരങ്ങളിൽ നിന്ന് 43 പോയിന്റായി. 35 പോയിന്റുള്ള ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് രണ്ടാമതെത്തി. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 32 പോയിന്റാണുള്ളത്. കഴിഞ്ഞ രാത്രി ലാറ്റിഫോർഡിനെ 2-0ത്തിന് കീഴടക്കിയാണ് ലെസ്റ്റർ രണ്ടാം സ്ഥാനത്തേക്കുയർന്നത്. ജെറമി വാർഡിലും മാഡിസണുമാണ് ലെസ്റ്ററിനു വേണ്ടി സ്കോർ ചെയ്തത്.
കഴിഞ്ഞ രാത്രി ആസ്റ്റൺ വില്ലയെ 2-1ന് തോൽപ്പിച്ച ചെൽസിയാണ് നാലാം സ്ഥാനത്ത്. ടാമി അബ്രഹാമിനെയും മൗണ്ടിന്റെയും ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം.