food

പോത്തൻകോട്: കണിയാപുരം വെട്ടുറോഡ് മേഖലകളിലെ 17 ഇടങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങളിൽ നിന്ന് പഴകി ഉപയോഗശൂന്യമായ ഭക്ഷണ പദാർത്ഥങ്ങളും നിർമ്മാണ വസ്തുക്കളും പിടികൂടി നശിപ്പിച്ചു.

ബേക്കറികടകളിലും ബേക്കറി മൊത്ത വ്യാപാര - ഉത്പാദന കേന്ദ്രങ്ങളിലും നടന്ന പരിശോധനകളിൽ ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ഒരു ബേക്കറി ഉത്പാദന കേന്ദ്രത്തിൽ സ്റ്റോക്ക് ചെയ്തിരുന്ന ഉപയോഗശൂന്യമായ, കാലാവധി കഴിഞ്ഞ കിലോക്കണക്കിന് ഡാൽഡ കണ്ടെത്തി. ഉപയോഗ ശൂന്യമായ ഇവ ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിച്ചാൽ വൻ ആരോഗ്യപ്രശ്‍നങ്ങൾ ഉണ്ടാക്കുമെന്ന കണ്ടെത്തലിനെത്തുടർന്ന് പിടിച്ചെടുത്ത ഡാൽഡ ഉദ്യോഗസ്ഥർ നശിപ്പിച്ചു.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച ആരോഗ്യവകുപ്പിന്റെ നിരന്തര മുന്നറിയിപ്പുകൾ പാലിക്കാതെ, ലൈസൻസോ ഹെൽത്ത് കാർഡുകളോ ഇല്ലാതെ പ്രവർത്തിച്ചുവന്ന സുരേഷ്‌ബേക്കറി, ഷിബിനീ ഹോട്ടൽ, മൊത്തക്കച്ചവടക്കാരായ അമൽസ് ബേക്കറി, ബേക്ക് മാജിക് തുടങ്ങിയവ പൂട്ടിച്ചു.

വെട്ടുറോഡ് ജഗ്‌ഷനിൽ പ്രവർത്തിക്കുന്ന ലൈലാക്ക് ഹോട്ടലിൽ നടന്ന പരിശോധനയിൽ ഒട്ടനവധി പോരായ്മകൾ കണ്ടെത്തി. ഇവിടെ നിന്ന് പഴകിയ ബിരിയാണി, ചിക്കൻഫ്രൈ, നൂഡിൽസ്, ചപ്പാത്തി എന്നിവ പിടികൂടി നശിപ്പിച്ചു. ഇവിടെത്തെ ഫ്രീസറിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ഇറച്ചി കണ്ടെത്തി നശിപ്പിച്ചു.

പഞ്ചായത്ത് -കോർപറേഷൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ റൂറൽമേഖലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ പരിമിതിയുള്ളതിനാൽ നഗരസഭാ ഹെൽത്ത് സ്‌കോഡിന് വിവരങ്ങൾ കൈമാറുമെന്ന് ജീവനക്കാർ പറഞ്ഞു. പരിശോധനയിൽ വിവിധ സ്ഥാപങ്ങളിൽ നിന്നായി 28 ,600 രൂപ പിഴ ഈടാക്കി. പുത്തൻതോപ്പ് ഹെൽത്ത് സൂപ്പർവൈസർ ശശി, എസ്.ഐമാരായ വിശ്വനാഥൻ, ഷിബു, അഖിലേഷ്, അണ്ടൂർക്കോണം, തോന്നയ്ക്കൽ, മംഗലപുരം, വേളി എന്നിവിടങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻപെക്ടർമാരും പഞ്ചായത്ത് ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു.