rajesh

കൊച്ചി: ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് ചാടിയ ഗൃഹനാഥന് ദാരുണാന്ത്യം. നെടുങ്കണ്ടം പാമ്പാടുംപാറ പാറപ്പുഴ മഠത്തിൽ രാജേഷ് പൈയാണ് (46) മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ആറാം കോടതിയുടെ മുന്നിൽ വച്ച് കൈയിലുണ്ടായിരുന്ന ഡയറി വലിച്ചെറിഞ്ഞ ശേഷം നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. അകത്തളത്തിലെ ടൈൽസ് പാകിയ നിലത്ത് വീണ് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഉടൻ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

കേസുകളൊന്നുമില്ലെങ്കിലും ഇയാൾ രണ്ടു ദിവസമായി ഹൈക്കോടതി കയറിയിറങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇളയച്‌ഛനായ അഭിഭാഷകൻ സച്ചിതാനന്ദ പൈയുമായി സംസാരി​ച്ചി​രുന്നു. ഒരു പെൺകുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്യാറുണ്ടെന്നും അവർ സ്വത്ത് തട്ടിയെടുക്കുമെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഹൈക്കാേടതി രജിസ്‌ട്രാർ കസ്റ്റഡിയിലെടുത്ത ഡയറി ഇന്ന് പൊലീസിന് കൈമാറും. ഇയാൾക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന് ബന്ധുക്കൾ അറി​യി​ച്ചതായി പൊലീസ് വ്യക്തമാക്കി.

രാജേഷിന് ഇടുക്കി മുണ്ടിയെരുമയിൽ ഒന്നരയേക്കറോളം സ്ഥലവും വീടുമുണ്ട്. നാല് വർഷമായി അമ്മയ്ക്കൊപ്പം എറണാകുളം എളംകുളത്താണ് താമസം. മുമ്പ് റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി മുണ്ടിയെരുമയിലെത്തിയത്. ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. എം.ജി സർവകലാശാല ടീമിലും ഇടുക്കി ജില്ലാ വോളിബാൾ ടീമി​ലും അംഗമായി​രുന്നു.

രണ്ടാം തവണയാണ് ഹൈക്കോടതിയുടെ മുകളിൽ നിന്ന് ചാടിയുള്ള ആത്മഹത്യയുണ്ടാകുന്നത്. 2017 മാർച്ച് 30 നാണ് കൊല്ലം പേരയം സ്വദേശി കെ.എൽ. ജോൺസൺ (76) ഹൈക്കോടതിയുടെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസ് സൗകര്യം വേണമെന്ന് ഹൈക്കോടതിയുടെ സുരക്ഷാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.