തിരുവനന്തപുരം: ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതുവരെ 29 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനമുണ്ട്. ഇതിൽ 20 ആശുപത്രികളിൽ പൂർണമായും കടലാസ് രഹിത സേവനങ്ങളാണ് നൽകുന്നത്. മാർച്ചോടെ പദ്ധതി ജില്ലയിൽ പൂർണമാകും.ആർദ്രം മിഷന്റെ ഭാഗമായി 83ആശുപത്രികളിലാണ് ഇ-ഹെൽത്ത് സംവിധാനം ഒരുക്കുന്നത്. 2.58 കോടി ജനങ്ങളുടെ ആരോഗ്യ രേഖ ഇ-ഹെൽത്തിന്റെ ഭാഗമായി ശേഖരിച്ചു. ഒ.പി. രജിസ്‌ട്രേഷൻ മുതൽ രോഗിപരിശോധനയും ചികിത്സാക്രമങ്ങളും ഭരണനിർവഹണവും ഉൾപ്പെടെ സമഗ്ര മേഖലകളുടേയും പ്രവർത്തനങ്ങൾ ഒരു കേന്ദ്രീകൃത സോഫ്റ്റ്‌വെയറിനു കീഴിൽ ക്രോഡീകരിക്കുകയാണ് ലക്ഷ്യം.