novel

ബലഭദ്രനും ഇന്ദിരാഭായിയും ഹാളിൽ എത്തുമ്പോൾ തറയിൽ നിശ്ചലം കിടക്കുകയാണ് സുമംഗല.

''സുമംഗലേ..."

ബലഭദ്രൻ അവരെ കൈകളിൽ കോരിയെടുത്ത് സെറ്റിയിൽ കിടത്തി.

''സുമംഗലേ..." ഇന്ദിരാഭായി അവരെ കുലുക്കിവിളിച്ചു.

അനക്കമില്ല!

''ചേട്ടത്തി വേഗം കുറച്ച് വെള്ളം കൊണ്ടുവാ..."

ബലഭദ്രൻ തിടുക്കപ്പെട്ടു.

ഇന്ദിരാഭായി തീൻ മുറിയിലേക്കോടി.

ബലഭദ്രന്റെ കണ്ണുകൾ വട്ടം ചുറ്റി. നന്ദമോൾ വിളിക്കുന്നു എന്നാണല്ലോ ഇവൾ പറഞ്ഞത്?

അപ്പോഴേക്കും ഇന്ദിരാഭായി വെള്ളവുമായി വന്നു. ബലഭദ്രൻ പാത്രം വാങ്ങി കൈക്കുമ്പിളിലേക്കു വെള്ളം പകർന്നു. ശേഷം ശക്തിയിൽ ഭാര്യയുടെ മുഖത്തേക്കു തളിച്ചു.

സുമംഗല സ്വപ്നത്തിൽ നിന്നു ഞെട്ടിയുണർന്നതു പോലെ കണ്ണുകൾ തുറന്നു.

പിന്നെ ഇരുവരെയും പകച്ചു നോക്കി.

ആദ്യം കാണുന്നതുപോലെ....

''സുമംഗലേ.. നിനക്കെന്തുപറ്റി?"

ബലഭദ്രൻ അവരെ തോളിൽ പിടിച്ചു കുലുക്കി.

''ങ്‌ഹേ..." പെട്ടെന്ന് ഓർമ്മ വന്നതുപോലെ സുമംഗല ഒറ്റ കരച്ചിൽ.

''ഭദ്രേട്ടാ... നമ്മുടെ മോള്..."

''അവൾക്ക് എന്തുപറ്റി?" ബലഭദ്രന്റെ ശബ്ദം വല്ലാതെ ഉയർന്നു.

''അവൾക്ക് എന്തോ സംഭവിച്ചു." സുമംഗല എഴുന്നേറ്റിരുന്നു. ''പോലീസാ വിളിച്ചത്."

''ഈശ്വരാ..." ഹൃദയത്തിനുള്ളിൽ വായു തങ്ങി വീർക്കുന്നതു പോലെ ബലഭദ്രന്റെ ശരീരം ഒന്നുലഞ്ഞു.

''എന്നിട്ട് ഫോണെവിടെ?"

പെട്ടെന്ന് ഇന്ദിരാഭായി തറയിൽ കിടക്കുന്ന ഫോൺ കണ്ടു.

‌വേഗം അതെടുത്തു.

തട്ടിപ്പറിക്കും പോലെ ബലഭദ്രൻ അതു വാങ്ങി. കോൾ കട്ടായിക്കഴിഞ്ഞിരുന്നു...

ബലഭദ്രൻ ദേവനന്ദയുടെ നമ്പരിലേക്കു വിളിച്ചു.

രണ്ടാമത്തെ ബെല്ലിന് കോൾ അറ്റന്റു ചെയ്യപ്പെട്ടു.

''യേസ്..."

''ആരാ സംസാരിക്കുന്നത്?"

ബലഭദ്രന്റെ ശ്വാസതാളം മുറുകി.

''ഞാൻ കർണാടകയിൽ, ലാൽബാഗ് സി.ഐയാണ്."

''സാർ.... എന്റെ മകൾക്ക് എന്തുപറ്റി?"

''നിങ്ങൾ ദേവനന്ദയുടെ ഫാദറാണോ?"

''അതെ..."

''ക്ഷമയോടു കേൾക്കണം. ഇവിടെ പാർക്കിൽ വച്ച് ഒരു സംഭവമുണ്ടായി..."

തുടർന്ന് സി.ഐ പറഞ്ഞത് മുഴുവൻ കേട്ടില്ല ബലഭദ്രൻ. അയാളുടെ കാതുകൾ കൊട്ടിടയടയ്ക്കപ്പെട്ടു.

''ശരി... ശരി സാർ... ഞാൻ ഉടൻ പുറപ്പെടും."

പതറിയ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് ബലഭദ്രൻ കോൾ മുറിച്ചു.

ഇവിടെ പതറിക്കൂടാ. നന്ദമോളെ കാണാതെ ഒന്നും പറയാനും വയ്യ... സത്യം ഇപ്പോൾ പറഞ്ഞാൽ ഇവർ രണ്ടുപേരെയും താൻ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപേകേണ്ടിവരും.

ബലഭദ്രനിലെ രാജരക്തം ഉണർന്നു.

''എന്താ അവരു പറഞ്ഞത്? നമ്മുടെ മോള്?"

സുമംഗല അയാളെ അള്ളിപ്പിടിച്ച് വിങ്ങിപ്പൊട്ടി.

''ഏയ്... നീ ഭയപ്പെടുന്നതുപോലെ ഒന്നുമില്ല. ചെറിയൊരു ആക്സിഡന്റ്. ഞാൻ ഉടൻ അങ്ങോട്ടു പോകുകയാ."

ബലഭദ്രൻ ഭാര്യയെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.

എന്നാൽ ഇന്ദിരാഭായിക്ക് ആശങ്ക മണത്തു. കാരണം ബലഭദ്രന്റെ ഉൾക്കണ്ണുകളിൽ രണ്ട് നീർത്തുള്ളികൾ നിന്നു പിടയ്ക്കുന്നത് അവർ മാത്രം കണ്ടു.

''എങ്കിൽ ഞാനും വരുന്നു അങ്ങോട്ട്."

സുമംഗല ശഠിച്ചു.

''ഏയ്. അതിന്റെയൊന്നും ആവശ്യമില്ലെടീ."

എന്നാൽ സുമംഗല സമ്മതിച്ചില്ല. അവസാനം ബലഭദ്രൻ സമ്മതിച്ചു. മാത്രമല്ല ഇന്ദിരാബായിയേക്കൂടി കൊണ്ടുപോകുവാനും തീരുമാനിച്ചു.

''നിങ്ങൾ രണ്ടാളും പെട്ടെന്നൊരുങ്ങ്. ഞാൻ ഡ്രൈവറെ വിളിക്കട്ടെ."

ബലഭദ്രൻ ഫോണുമായി സിറ്റൗട്ടിലേക്കിറങ്ങി. ഡ്രൈവറെ വിളിച്ചു കഴിഞ്ഞപ്പോഴേക്കും അയാൾ കരഞ്ഞുപോയി....

മുണ്ടിന്റെ തുമ്പുയർത്തി കണ്ണുകൾ തുടച്ചുകൊണ്ട്, മനസ്സിനെ ധൈര്യപ്പെടുത്തി തന്റെ മുറിയിലേക്കു പോയി ബലഭദ്രൻ.

വേഗം വസ്ത്രം മാറി. പണവും എ.ടി.എം കാർഡും എല്ലാം എടുത്തു.

ഇന്ദിരാഭായിയും സുമംഗലയും അപ്പോഴേക്കും ഒരുങ്ങിക്കഴിഞ്ഞു.

ഒരു ബൈക്കിൽ ഡ്രൈവറും എത്തി. അയാൾ കാർ പോർച്ചിൽ നിന്നിറങ്ങി.

ബലഭദ്രൻ വാതിൽ അടച്ചുപൂട്ടി. അവിടെത്തന്നെ താമസിക്കുന്ന ഒരു പുറം പണിക്കാരൻ ഉണ്ടായിരുന്നു. അയാളെ വിളിച്ചു പറഞ്ഞു:

''ഞങ്ങൾ ബാഗ്ളൂർക്ക് ഒന്നു പോകുകയാണ്. നിന്റെ ഫോൺ എപ്പോഴും ഓണാക്കി വച്ചേക്കണം. ഞാൻ വിളിക്കുമ്പോൾത്തന്നെ കിട്ടിയിരിക്കണം."

''ശരി തമ്പുരാനേ..." അയാൾ ഭവ്യതയോടെ നിന്നു.

ബലഭദ്രൻ വീടിന്റെ താക്കോൽ അയാളെ ഏൽപ്പിച്ചു.

''എല്ലാം ശ്രദ്ധിച്ചോണം."

''ഓ..."

ബലഭദ്രൻ കാറിന്റെ മുൻസീറ്റിൽ കയറി. സ്ത്രീകൾ പിന്നിലും. സീറ്റ് ബൽറ്റ് ഇട്ടുകഴിഞ്ഞിട്ട് തമ്പുരാൻ എല്ലാം തകർന്നവനെപ്പോലെ സീറ്റിൽ പിറകിലേക്കു ചാരി തളർന്നിരുന്നു.

ജോലിക്കാരൻ ഗേറ്റ് തുറന്നുകൊടുത്തു.

കാർ പാഞ്ഞുപോയി.

എന്തോ കുഴപ്പമുണ്ടെന്ന് അയാൾക്കു തോന്നി.

അല്പനേരം കാർ പോയ വഴിയിലേക്കു നോക്കിനിന്നിട്ടാണ് അയാൾ ഗേറ്റ് അടച്ചത്.

കൊളുത്തിടും മുൻപ് വെട്ടിത്തിരിഞ്ഞു വരുന്ന ഒരു വാഹനത്തിന്റെ വെളിച്ചം കണ്ടു.

പോയവർ മടങ്ങിവരികയാണോ? കണ്ണഞ്ചുന്ന വെളിച്ചത്തിലേക്ക് അയാൾ നെറ്റിക്കു മീതെ കൈപ്പടം വച്ചു നോക്കി.

ഗേറ്റിനു മുന്നിൽ ഒരു ബൊലേറോ ബ്രേ ക്കിട്ടു.

പോലീസ്!

ജോലിക്കാരൻ ഒന്നു പരുങ്ങി.

ബൊലോറോയിൽ നിന്ന് സി.ഐ അലിയാർ ചാടിയിറങ്ങി.

''ഗേറ്റ് തുറക്കെടാ." ഗർജ്ജനം പോലെയായിരുന്നു അലിയാരുടെ ശബ്ദം.

(തുടരും)