തിരുവനന്തപുരം: ജനങ്ങളോട് സൗമ്യമായി പെരുമാറുന്ന വിധം വില്ലേജ് ഓഫീസർമാരെ പഠിപ്പിക്കാനൊരുങ്ങി റവന്യൂ വകുപ്പ്. വില്ലേജ് ഓഫീസുകളെ ജനസൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പുതുതായി ചുമതലയേറ്റ 70 വില്ലേജ് ഓഫീസർമാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ വച്ചാണ് ത്രിദിന പരിശീലനം. വകുപ്പിന് പുറത്തുള്ള മാനേജ്‌മെന്റ്, കമ്യൂണിക്കേഷൻ വിദഗ്ദ്ധരും മറ്ര് പ്രഗത്ഭരായ വ്യക്തികളുമാണ് ക്ളാസെടുക്കുക.
സംസ്ഥാനത്തെ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നവീകരിക്കുകയും ഓഫീസ് സംവിധാനം ആധുനികവത്കരിക്കുകയും ചെയ്തെങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെട്ടിരുന്നില്ല. വ്യാപകമായ പരാതികളുമുണ്ടായി. ജോലിയിലെ മാനസിക സമ്മർദ്ദമാണ് വില്ലേജ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിന് പിന്നിലെന്നാണ് ചിലരുടെ വാദം. അതിനാൽ ജോലിയിലെ മികവിനൊപ്പം സൗഹൃദത്തോടെയും ക്ഷമയോടെയും ജനങ്ങളോട് ഇടപെടുന്നതെങ്ങനെയെന്നാണ് പരിശീലിപ്പിക്കുന്നത്.
1553 സംസ്ഥാനത്താകെയുള്ള
വില്ലേജ് ഓഫീസർമാർ
പരിശീലന പദ്ധതി ഇങ്ങനെ
ജോലി സ്ഥലത്തുണ്ടാകുന്ന മാനസിക സംഘർഷം മറികടക്കുന്നതിന്.
കടുത്ത ദേഷ്യം സ്വയം നിയന്ത്രിക്കുന്നതിന്.
പൊതുജനങ്ങളെ സമീപിക്കേണ്ട വിധം
സഹജീവനക്കാരെ നിയന്ത്രിക്കുന്നതെങ്ങനെ
ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നവിധം
മറ്രുള്ളവർക്ക് പ്രചോദനം നൽകുന്നതെങ്ങനെ
സ്വയം വിലയിരുത്തുന്ന വിധം
എണ്ണിയാലൊടുങ്ങാത്ത ജോലി
നികുതി പിരിവ്, റവന്യൂ റിക്കവറി, ജപ്തി ചെയ്തവ സൂക്ഷിക്കുക, സർക്കാർ ഭൂമിയുടെ സംരക്ഷണം, ഭൂവിനിയോഗ, തണ്ണീർ തട സംരക്ഷണ കേസുകളിലെ പരിശോധന, നാൾവഴി, രജിസ്റ്ററുകൾ, അക്കൗണ്ടുകൾ പരിശോധിക്കുക, ക്ഷേമ പദ്ധതി നാട്ടുകാരിലെത്തിക്കുക, സെൻസസ് , ഇലക്ഷൻ സഹായങ്ങളെല്ലാം ചെയ്യുക, ജനകീയ സമിതികൾ വിളിച്ചുചേർക്കുക, ഓൺ ലൈൻ സംവിധാനങ്ങളിലൂടെ സാക്ഷ്യപത്രം അംഗീകരിക്കുക, ലാൻഡ് റവന്യൂ രജിസ്റ്രറുകൾ സൂക്ഷിക്കുക തുടങ്ങിയവയാണ് വില്ലേജ് ഓഫീസറുടെ ജോലി.
നിർദ്ദേശം മന്ത്രിയുടേത്
എറണാകുളത്തെ ഒരു വില്ലേജ് ഓഫീസിൽ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്രിനായി മകനോടൊപ്പം എത്തിയയാളോട് മോശമായി പെരുമാറിയ വില്ലേജ് ഓഫീസർക്കെതിരെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് വില്ലേജ് ഓഫീസർമാരെ 'പെരുമാറ്റം പഠിപ്പിക്കാൻ ' മന്ത്രി നിർദ്ദേശിച്ചത്.