തിരുവനന്തപുരം: നിയന്ത്രണംവിട്ട സ്‌കൂൾ വാൻ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടോടെ നാലാഞ്ചിറയിലായിരുന്നു അപകടം. നാലാഞ്ചിറ സർവോദയ സ്‌കൂളിലെ വിദ്യാർത്ഥികളായ ഋതിക,​ യാനിസ്,​ വൈഗ,​ വേഗ,​ ഗൗരി എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കമ്പിയിലും സീറ്റിലും മുഖവും തലയും ഇടിച്ച് പരിക്കേറ്ര വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വിട്ടയച്ചു. ഉള്ളൂർ ഭാഗത്തുനിന്നും സ്‌കൂളിലേക്ക് പോയ കോൺട്രാക്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാനിന്റെ ബ്രേക്ക് ലൂസ് ആയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മണ്ണന്തല പൊലീസ് വാൻ കസ്റ്റഡിയിലെടുത്തു.