പൊലീസ് എൻകൗണ്ടർ എന്ന വാക്ക് ഇന്ത്യയിൽ പൊതുവെ പ്രയോഗത്തിലായത് പഞ്ചാബിലെ തീവ്രവാദ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ്. 1984നും 1995നും ഇടയിൽ പഞ്ചാബ് തീവ്രവാദം കൊടുമ്പിരിക്കൊണ്ടുനിന്ന നാളുകളിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു എന്നൊക്കെ വാർത്ത വരാത്ത ദിവസങ്ങളില്ലായിരുന്നു. ഇതിൽ യഥാർത്ഥ ആക്രമണത്തിൽ കൊല്ലപ്പെട്ടതും പൊലീസ് പിടിച്ചതിന് ശേഷം വെടിവച്ച് കൊന്നതും ഉൾപ്പെട്ടിരുന്നതായി പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു. പൊലീസ് മർദ്ദനത്തിൽ ലോക്കപ്പ് മുറിയിൽ കൊല്ലപ്പെട്ടവരെയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാക്കി തീർത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.