sena

കാട്ടാക്കട: സിയാചിനിൽ മരിച്ച ജവാൻ അഖിലിന് ജന്മനാടിന്റെ യാത്രാ മൊഴി. വ്യാഴാഴ്ച രാത്രി 10 ഓടെ പാങ്ങോട് സൈനിക ക്യാമ്പിൽ എത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 8ന് വിലാപയാത്രയായി ജന്മനാട്ടിലേക്ക് തിരിച്ചു.11ഓടെ പൂവച്ചൽ കുഴക്കാട് എൽ.പി സ്കൂളിൽ പൊതു ദർശനത്തിനു വച്ചു. അഖിലിന് അന്തിമോപചാരം അർപ്പിക്കാൻ ജഗ്‌ഷനുകളിലും സ്കൂളുകൾക്ക് മുന്നിലും വൻ ജനാവലി കാത്തുനിന്നു. വിവിധ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, സന്നദ്ധ സംഘടനാ ഭാരവാഹികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.

കുഴയ്ക്കാട് എൽ.പി.സ്കൂളിൽ മൃതദേഹം എത്തിച്ചപ്പോൾ സഹപാഠികൾ, കളികൂട്ടുകാർ, എം.എൽ.എമാരായ കെ.എസ്.ശബരീനാഥൻ, ഐ.ബി.സതീഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജലീൽ മുഹമ്മദ്,ജില്ലാ പഞ്ചായത്തം അംഗം ആൻസജിതാ റസൽ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ, ഡി.സി.സി.സെക്രട്ടറി എം.ആർ. ബൈജു, കുമ്മനം രാജശേഖരൻ, നേതാക്കളായ വി.വി.രാജേഷ്, സുരേഷ്, സി.ശിവൻകുട്ടി, മൂക്കംപാലമൂട് ബിജു, സന്തോഷ്, സത്യദാസ് പൊന്നെടുത്തകുഴി, കട്ടക്കോട് തങ്കച്ചൻ,പി.എസ്.പ്രഷീദ്‌, വെള്ളനാട് ബ്ളോക് പ്രസിഡന്റ് അജിത കുമാരി, പൂവച്ചൽ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ, സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി.സ്റ്റീഫൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. പൊലീസ് സേനയ്ക്ക് വേണ്ടി റൂറൽ എസ്.പി അശോക് കുമാർ, കാട്ടാക്കട തഹസിൽദാർ ഹരിശ്ചന്ദ്രൻ, റവന്യു, പഞ്ചായത്ത്,വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. ഉച്ചയ്ക്ക്12ഓടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ചടങ്ങുകൾക്കു ശേഷം ഒരുമണിയോടെ പൊലീസും കരസേനയും ഗാർഡ് ഒാഫ് ഓണർ നൽകി. മൃതദേഹത്തിൽ പുതപ്പിച്ചിരുന്ന ദേശീയ പതാക ഭാര്യ ഗീതുവിനെ ഏല്പിച്ചു. തുടർന്ന് അഖിലിന്റെ സഹോദരൻ അക്ഷയുടെ കൈകളിൽ ഇരുന്ന് ഒന്നുമറിയാതെ ഒരു വയസുകാരൻ ദേവരത് പിതാവിന്റെ ചിതയ്ക്ക് തീ കൊളുത്തുന്ന കാഴ്ച ഏവരെയും ദുഃഖത്തിലാഴ്ത്തി.