ആര്യനാട്: ആര്യനാട് എക്സൈസ് ഓഫീസിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു ഓഫീസ്. ഉഴമലയ്ക്കൽ പഞ്ചായത്ത് ഇതിനായി സ്ഥലം കൈമാറുന്നതോടെ സ്വപ്നം സാക്ഷാത്കാരത്തിന് വഴിവയ്ക്കുകയാണ്. വർഷങ്ങൾക്ക് മുൻപാണ് എക്സൈസ് ഓഫീസ് ആര്യനാട് പ്രവർത്തനം ആരംഭിക്കുന്നത്. ഇപ്പോൾ ഏലാവൂർ മാർക്കറ്റിനുള്ളിൽ 13.5 സെന്റ് സ്ഥലം ഉഴമലയ്ക്കൽ പഞ്ചായത്തിന് വിട്ടുനൽകിയിട്ടുണ്ട്. ഇവിടെ ഓഫീസിനായുള്ള കെട്ടിടം നിർമ്മിക്കാം. പഞ്ചായത്ത് സഥലം കൈമാറുന്ന നടപടി ക്രമങ്ങൾ പൂർത്തിയായതോടെ കെട്ടിട നിർമ്മാണത്തിനുള്ള ഭരണാനുമതിയും ലഭിച്ചു. ഇനി പി.ഡബ്ല്യൂ.ഡിയുടെ സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കും. ടെൻഡർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ജോലികൾക്കുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് പി.ഡബ്ല്യൂ.ഡി അധികൃതർ അറിയിച്ചു. പുതിയ മന്ദിരം വരുന്നതോടെ ആര്യനാട് പ്രവർത്തിച്ചിരുന്ന എക്സൈസ് ഓഫീസിന് ഉഴമലയ്ക്കൽ ആസ്ഥാനമാകും.

വർഷങ്ങൾക്ക് മുൻപ് എക്സൈസ് വകുപ്പിന് ഓഫീസ് നിർമ്മിക്കാൻ ആര്യനാട് പഞ്ചായത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുൻവശത്ത് പഞ്ചായത്ത് 10 സെന്റ് സ്ഥലം നൽകിയിരുന്നു. കെട്ടിടം നിർമ്മിക്കാൻ 91 ലക്ഷം രൂപയും സർക്കാർ ഫണ്ടും അനുവദിച്ചു. എന്നാൽ റവന്യൂ രേഖകളിൽ ഈ സ്ഥലം കുളം എന്നുള്ളതിനാൽ കെട്ടിടം നിർമ്മിക്കാൻ കഴിയില്ലെന്ന് സർക്കാർ എക്സൈസിനെ അറിയിച്ചു. ഇതോടെ കെട്ടിട നിർമ്മാണം വെള്ളത്തിലായി. എന്നാൽ ഇതേ സ്ഥലത്താണിപ്പോൾ കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി ഓഫീസുകളും കെ.എസ്.ഇ.ബി മിനി സബസ്റ്റേഷനും സ്ഥാപിച്ചത്.

മന്ദിര നിർമ്മാണം പ്രതിസന്ധിയിലായതോടെ എക്സൈസ് അധികൃതർ റേഞ്ചിന് കീഴിലുള്ള വില്ലേജ് ഓഫീസുകളിൽ സ്ഥലം അന്വേഷിച്ച് കത്ത് നൽകി. ഇതോടെ 2016ൽ ഉഴമലയ്ക്കൽ പഞ്ചായത്ത് ഏലിയാവൂർ മാർക്കറ്റിലും ആര്യനാട് പഞ്ചായത്ത് ആനന്ദേശ്വരത്തും സ്ഥലം അനുവദിച്ചു. സ്വന്തമായി സ്ഥലം ലഭിച്ചതോടെ ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ ഉഴമലയ്ക്കൽ അനുയോജ്യമാണെന്ന് കാണിച്ച് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് ഏലിയാവൂരിൽ നടപടികൾ പുരോഗമിച്ചത്.കെട്ടിട നിർമ്മാണത്തിന്റെ നടപടികൾ പൂർത്തിയാക്കി ഉടൻ ജോലികൾ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം അറിയിച്ചു.