ജോലിക്കാരൻ ശരിക്കും ഭയന്നുപോയി.
''സാർ...."
''പറഞ്ഞതു കേട്ടില്ലേടാ. തുറക്ക് ഗേറ്റ്."
അലിയാരുടെ ശബ്ദത്തിനു കൂടുതൽ മുഴക്കം വന്നു.
അയാൾ ഗേറ്റു തുറക്കാൻ ഭാവിക്കുമ്പോൾ അടുത്ത ചോദ്യം.
''അയാളുണ്ടല്ലോ അകത്ത്? ബലഭദ്രൻ തമ്പുരാൻ?"
''ഇല്ല സാർ..."
''ങ്‌ഹേ?" അലിയാരുടെ നെറ്റി ചുളിയുന്നത് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ജോലിക്കാരൻ കണ്ടു.
അയാൾ അറിയിച്ചു.
''ഇപ്പോഴങ്ങോട്ട് പോയതേയുള്ളു സാർ..."
''എവിടേക്ക് ?"
''ബാംഗ്ളൂർക്ക്."
താൻ ഇങ്ങോട്ടു വരുമ്പോൾ അമിത വേഗത്തിൽ പാഞ്ഞുപോയ കാറിനെക്കുറിച്ച് അലിയാർ ഓർത്തു.
''എന്തിനാടാ അയാള് പോയത്?"
''അതറിയത്തില്ല സാറേ.. തമ്പുരാന്റെ മോള് പഠിക്കുന്നത് അവിടെയാണല്ലോ. വ്യക്തമായി എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും എന്തോ കുഴപ്പമുണ്ടെന്ന് എനിക്കു തോന്നി."
അലിയാർ ഒരു നിമിഷം മൗനം.
''ഈ വീട്ടിൽ ഇപ്പോൾ ആരൊക്കെയുണ്ട്?"
''ആരുമില്ല സാർ.... മൂന്നുപേരും കൂടിയാ പോയത്."
കടുപ്പിച്ചൊന്നു മൂളിക്കൊണ്ട് അലിയാർ തിരിഞ്ഞു. ബൊലേറോയുടെ ഫുട്‌റസ്റ്റിലേക്കു കാൽ വച്ചുകൊണ്ടു തിരിഞ്ഞു.
'ങ്‌ഹാ. ഇങ്ങോട്ടു വിളിക്കുകയാണെങ്കിൽ നീ ഞാൻ വന്ന കാര്യം പറയാൻ നിൽക്കണ്ടാ. പോയവർ അവരുടെ കാര്യം സാധിച്ചിട്ടു വരട്ടെ. മനസ്സിലായോടാ?"
''ആയി സാർ."
അലിയാർ ബൊലേറോയിൽ കയറി. അത് അതിശീഘ്രം പിന്നോട്ടു പോയി.
ഒരു ദീർഘനിശ്വാസത്തോടെ ഗേറ്റിന്റെ കൊളുത്തിട്ടിട്ട് പണിക്കാരനും പിൻതിരിഞ്ഞു.
****
വടക്കേ കോവിലകം.
പരിസരം നിശ്ശബ്ദതയിൽ ആണ്ട് കിടക്കുകയായിരുന്നു.
എമർജൻസി ലാംപും കയ്യിലെടുത്ത് കിടാക്കന്മാർ അല്പനേരം കൂടി കാത്തു. കഴിഞ്ഞ രാത്രിയിലേതു പോലെയുള്ള അപശബ്ദങ്ങളുമായി ആരെങ്കിലും വരുന്നുണ്ടോ?
ഒന്നുമില്ല.
''ഏട്ടൻ പേടിക്കണ്ടെന്നേ.. ഇനിന്നി ഇങ്ങോട്ട് ആരും വരാൻ പോകുന്നില്ല. വന്നാട്ടെ.. നമുക്ക് പണി തുടങ്ങാം."
ഇരുവരും നിലവറ വാതിൽ തുറന്നു. എമർജൻസി ലാംപു തെളിച്ചുകൊണ്ട് വാതിൽ അകത്തുനിന്ന് അടച്ച് കുറ്റിയിട്ടു. തുടർന്ന് പടിക്കെട്ടുകൾ ഇറങ്ങി.
അപ്പോഴേക്കും ദുർഗ്ഗന്ധം അവരുടെ മൂക്കിലേക്ക് അടിച്ചുകയറി.
രാവിലത്തേതിന്റെ ഇരട്ടി ദുർഗ്ഗന്ധം. ശ്രീനിവാസ കിടാവ് മുണ്ടിന്റെ തുമ്പുയർത്തി മൂക്കിനു മുകളിൽ അമർത്തി.
''തൽക്കാലം ഇത് സഹിച്ചേ പറ്റത്തുള്ളു ഏട്ടാ."
ശേഖരൻ പറഞ്ഞു.
''കുറച്ചു സിമന്റുണ്ടായിരുന്നെങ്കിൽ കല്ലറയുടെ വിടവുകളിൽ തേച്ച് പിടിപ്പിക്കാമായിരുന്നു..."
കിടാവ് മിണ്ടിയില്ല.
യശോധരന്റെ ബോഡി വലിച്ചിട്ട കല്ലറ കടന്ന് അവർ മുന്നോട്ടുപോയി.
ഓരോന്നും എമർജൻസി ലാംപിന്റെ വെളിച്ചത്തിൽ പരിശോധിച്ചു.
ചിലതിൽ മരിച്ചവരുടെ പേരുകളും വർഷവും കൊത്തിവച്ചിട്ടുണ്ട്.
ചിലതിൽ ഒന്നുമില്ല....
അങ്ങനെ ഒന്നുമില്ലാത്തതിലാവും തങ്ങൾ പ്രതീക്ഷിക്കുന്ന 'നിധി"കളെന്ന് ഇരുവർക്കും അറിയാം.
തൊട്ടടുത്ത കല്ലറയ്ക്കു മുകളിൽ ലാംപു വച്ചിട്ട് ശേഖരൻ ഒരു ഇരുമ്പു പാരയെടുത്തു.
അതുകൊണ്ട് കല്ലറയുടെ മേൽമൂടി ഉറ പ്പിച്ചിരുന്ന സിമന്റ് കുത്തിയിളക്കാൻ ശ്രമിച്ചു.
ഓരോ തവണ കല്ലിൽ ഇരുമ്പ് പതിക്കുമ്പോഴും ആ ശബ്ദം നിലവറയ്ക്കുള്ളിൽ പ്രകമ്പനങ്ങൾ തീർത്തു.
''ഈ ശബ്ദം പുറത്തെങ്ങാനും കേൾക്കുമോടാ?"
ശ്രീനിവാസ കിടാവിന് ശങ്ക തോന്നി..
''ഏയ്. അതിനൊന്നും സാദ്ധ്യതയില്ല. അഥവാ ഇനി ഉണ്ടെങ്കിൽ പോലും നമ്മൾ പിന്മാറുന്ന പ്രശ്നവുമില്ല." അത് ശേഖരൻ തീർച്ചപ്പെടുത്തിയതാണ്.
ഏതാണ്ട് ഒരു മണിക്കൂറത്തെ പരിശ്രമം. കിടാക്കന്മാരുടെ വസ്ത്രം വിയർപ്പിൽ കുളിച്ച് ശരീരത്തോടൊട്ടി.
കല്ലറയുടെ മേൽമൂടിയായി ഉപയോഗിച്ചിരുന്ന പരന്ന് നീളമുള്ള കൽപ്പാളിയുടെ ഒരു ഭാഗം മാത്രമേ ഇളക്കാൻ അവർക്കു കഴിഞ്ഞുള്ളു.
''ഇങ്ങനെയാണെങ്കിൽ ഒരെണ്ണം പൊളിക്കണമെങ്കിൽ ഒരു ദിവസമെടുത്തെന്നിരിക്കും."
കിടാവ് പിറുപിറുത്തു.
''നമുക്ക് നോക്കാം."
ശേഖരൻ സിമന്റ് ഇളകിമാറിയ ഭാഗത്തേക്ക് ഒരുവിധത്തിൽ ഇരുമ്പുപാരയുടെ ഒരഗ്രം കയറ്റി.
പിന്നെ രണ്ടാമത്തെ അഗ്രം തന്റെ തോളിലും വച്ചു.
ഇനി ശക്തി മുഴുവൻ ആവാഹിച്ച് മുകളിലേക്ക് ഉയർത്താനായിരുന്നു ഉദ്ദേശ്യം.
പക്ഷേ ശേഖരന്റെ നടുവ് വേദനിച്ചതല്ലാതെ കല്ലറയുടെ മൂടി ഒരൽപ്പം പോലും അനങ്ങിയില്ല.
''ഛേ... ഇത് ചുറ്റുപാടും ഇങ്ങനെ കുത്തിയിളക്കേണ്ടിവരും. സിമന്റ് മാത്രമല്ല ഇത് പിടിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് തോന്നുന്നു. വല്ല പശയും ഉണ്ടാകും."
ശേഖരൻ തോളിൽ നിന്ന് പാര മാറ്റി.
''പണ്ടുകാലത്തെ കല്ലറയല്ലേ ശേഖരാ. എന്തുപയോഗിച്ചാണ് ഇത് അടച്ചിരിക്കുന്നതെന്ന് എങ്ങനെയറിയും? സിമന്റ് വേണമെന്നു തന്നെയില്ല."
ശേഖരൻ തലകുടഞ്ഞു. മുത്തുമണികൾ പോലെ വിയർപ്പുതുള്ളികൾ ചുറ്റും തെറിച്ചു.
''ഏട്ടൻ പറഞ്ഞത് ശരിയാവും. നമ്മുടെ മുല്ലപ്പെരിയാർ ഡാം പോലും നിർമ്മിച്ചിരിക്കുന്നത് കുമ്മായവും സുർക്കയും ചേർന്ന മിശ്രിതം കൊണ്ടല്ലേ?" ശേഖരനും കിടാവിന്റെ അഭിപ്രായത്തോട് യോജിച്ചു.
''ങാ. ദാഹിച്ചിട്ടു വയ്യ. നീ പോയി കുറച്ചു വെള്ളം എടുത്തോണ്ട് വാ."
കിടാവ് പൊളിക്കാൻ തുടങ്ങിയ കല്ലറയ്ക്കു മുകളിലിരുന്നു.
എമർജൻസി ലാംപ് അവിടെത്തന്നെ വച്ചിട്ട് ശേഖരൻ നിലവറയിൽ നിന്നു പുറത്തുവന്നു....
അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് കുപ്പിയെടുത്തതും അയാളുടെ തോളിൽ ഒരു കൈ അമർന്നു!
(തുടരും)