കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കുക്കിരിപ്പാറയിൽ ജൈവവൈവിദ്ധ്യ പാർക്കിനായുള്ള വിഭവ സർവേ ആരംഭിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ബോട്ടണി, സുവോളജി അദ്ധ്യാപകരും വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ പദ്ധതി പ്രദേശത്തെ ജൈവ വിഭവങ്ങളുടെ ഇൻഡക്സ് റജിസ്റ്റർ തയാറാക്കുന്നതിനായാണ് സർവേ. തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചക്കാലം ഇവരുടെ നേതൃത്വത്തിൽ ഇവിടുത്തെ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും വിവരങ്ങൾ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സമഗ്രമായ പഠനം നടത്തി ഹെർബേറിയം തയാറാക്കും. ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പ്രദേശം വൃത്തിയാക്കി ഇവിടത്തെ ജൈവ വൈവിദ്ധ്യ വിഭവങ്ങളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും നടത്തും.
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള ജൈവ വൈവിദ്ധ്യ പാർക്കിന്റെ സർവ്വേയ്ക്ക് പാലോട് ബൊട്ടാണിക്കൽ ഗാർഡനും ജൈവ വൈവിധ്യ ബോർഡുമാണ് സാങ്കേതിക സഹായം നൽകുന്നത്. ഇടംപിരി - വലംപിരി എന്ന പേരിൽ അറിയപ്പെടുന്ന അപൂർവ സസ്യത്തിന്റെ വിവരങ്ങൾ റജിസ്റ്ററിൽ രേഖപ്പെടുത്തി കൊണ്ട് ഐ.ബി. സതീഷ് എം.എൽ.എ സർവേ ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമ അദ്ധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ കമ്മിഷണർ എ. നിസാമുദീൻ, ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. അഖില, കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. പോൾരാജ് എന്നിവർ പങ്കെടുത്തു.