ആറ്റിങ്ങൽ: കുന്നിടിച്ച് നിരത്താനും മുനിസിപ്പൽ റോഡ് കൈയ്യേറാനുമുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നഗരസഭാ ചെയർമാൻ ഇടപെട്ട് തടഞ്ഞു. വലിയകുന്ന് ചിറ്റാറ്റിൻകര ഭാഗത്താണ് സ്വകാര്യ വ്യക്തി നീയമം ലംഘിച്ച് കുന്നിടിക്കാനും നഗരസഭ നിർമ്മിച്ച സംരക്ഷണഭിത്തി തകർക്കാനും ശ്രമിച്ചത്. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളുമായെത്തി കൈയ്യേറ്റം ആരംഭിച്ചപ്പോൾ തന്നെ വാർഡ് കൗൺസിലർ ശോഭനയും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു. വിവരമറിഞ്ഞ് ചെയർമാനും നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു.
ഒരു വർഷം മുമ്പ് ഇവിടെ അമ്പതടിയോളം താഴ്ച്ചയിൽ കുന്നിടിച്ച് താഴ്ത്തിയിരുന്നു. അന്ന് പരാതികളുണ്ടായപ്പോൾ ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് കൊടുക്കാമെന്ന് സമ്മതിച്ചിരുന്നതാണ്. പിന്നീട് വാക്ക് പാലിക്കാതെ ഇയാൾ പിൻമാറി. അതിനു ശേഷമാണ് ഇപ്പോൾ വീണ്ടും കുന്നിടിക്കാനും കൈയ്യേറ്റത്തിനും ശ്രമിച്ചതെന്നും ഇതിനെതിരെ നഗരസഭ ക്രിമിനൽ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു.