പാറശാല: പാറശാല മുറിയാത്തോട്ടം വാർഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് ഓരത്തെ കുറുങ്കുട്ടി കുളം ഇന്ന് നാശത്തിന്റെ വക്കിലാണ്. ദേശീയപാത ഓരത്തായി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് വക മൂന്ന് കുളങ്ങളിൽ ഒന്നാണ് കുറുങ്കുട്ടി കുളം. നാട്ടുകാർക്ക് കുളിക്കാനും സമീപത്തെ 50 ഏക്കറോളം വരുന്ന ഏലായിൽ കൃഷിക്കും കന്നുകാലികളെ കുളുപ്പികാനും എല്ലാം ഉപയോഗിച്ചിരുന്ന കുളം നവീകരിക്കാൻ അധികൃതർ തീരുമാനിച്ചതോടെയാണ് കുളത്തിന്റെ നാശം ആരംഭിക്കുന്നത്. പത്ത് ലക്ഷത്തോളം രൂപ ചെലവാക്കി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ആറ് മാസങ്ങൾക്ക് മുൻപ് കുളം വറ്റിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇതുവരെ പണികൾ പൂർത്തിയായിട്ടില്ല. പണി ഏറ്റെടുത്ത കോൺട്രാക്ടർ പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമേ നടത്തിയിട്ടുള്ളു എന്ന പരാതിയും ഉയരുന്നുണ്ട്. പണികൾ പൂർത്തിയാക്കി എത്രയും വേഗം കുളം നവീകരിച്ചില്ലെങ്കിൽ പൂർണമായും കുളം നാശിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെളികോരി കുളത്തിലെ തന്നെ ഒരു ഭാഗത്ത് കൂട്ടി ഇട്ടതല്ലാതെ ഇത് കോരി മാറ്റാൻ ഇതുവരെ കോൺട്രാക്ടർ തയാറായിട്ടില്ല. ചെളി കോരി മാറ്റാൻ ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന ന്യായം പറഞ്ഞാണ് ചെളികോരി മാറ്റുന്നതിൽ ആദ്യം കാലതാമസം വരുത്തിയത്. പിന്നീട് കളക്ടറുടെ അനുമതി ലഭിച്ചില്ലെന്നായി. പിന്നീടുവന്ന മഴ മറ്റൊരു കാരണമായി. കാരണങ്ങൾ പലതായതോടെ നാട്ടുകാർക്ക് കുളിക്കാനും കൃഷിക്ക് ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയിലായി.
കുളത്തിൽ വെള്ളം കുറഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് താഴാൻ തുടങ്ങി. കുടിവെള്ള ക്ഷാമം ഇതുവരെ അനുഭവിക്കാത്ത ഇവിടുത്തെ നാട്ടുകാർ ഇപ്പോൾ കുടിവെള്ളത്തിനായി പരക്കംപായുകയാണ്. മഴ തുടരുന്ന കാരണം അടുത്തകാലത്തൊന്നും കുളത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനോ കുളം നാട്ടുകാർക്കായി തുറന്ന് കൊടുക്കുന്നതിനോ കഴിയില്ലെന്നാണ് പൊതുജനങ്ങളുടെ വിലയിരുത്തൽ. നാട്ടുകാർക്കും കർഷകർക്കും ഏറെ പ്രയോജനകരമായിരുന്ന കുറുങ്കുട്ടി കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയതിരമായി പൂർത്തീകരിച്ച് നാട്ടുകാർക്ക് കുടിവെള്ളവും കർഷകർക്ക് കൃഷിക്കാവശ്യമായ വെള്ളവും ഉറപ്പ് വരുത്താൻ അധികൃതർ തയ്യാറാകേണ്ടതാണ്.