seminar-

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങൾക്ക് ഹരിതകേരള മിഷൻ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു. ശുചിത്വമാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയതായി മന്ത്രി എ.സി.മൊയ്തീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്തു ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമാണ് പുരസ്കാരം.

കൊല്ലം പെരിനാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും എറണാകുളം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിന് ഏഴ് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും ലഭിക്കും. ജില്ലാതലത്തിൽ വിജയിച്ചവർക്ക് മൂന്ന് ലക്ഷം രൂപ നൽകും.
ജില്ലാതലത്തിൽ ബേഡഡുക്ക (കാസർകോട്), ചെറുതാഴം (കണ്ണൂർ), മീനങ്ങാടി (വയനാട്),ചേമഞ്ചേരി (കോഴിക്കോട്), മാറഞ്ചേരി (മലപ്പുറം),അകത്തേത്തറ (പാലക്കാട്), പഴയന്നൂർ (തൃശ്ശൂർ), രായമംഗലം (എറണാകുളം),കുമിളി (ഇടുക്കി) കൂരോപ്പട (കോട്ടയം), ആര്യാട് (ആലപ്പുഴ), ഇരവിപേരൂർ (പത്തനംതിട്ട), കുലശേഖരപുരം (കൊല്ലം), ചെങ്കൽ (തിരുവനന്തപുരം) എന്നീ ഗ്രാമപഞ്ചായത്തുകൾ എന്നിവ ഒന്നാം സ്ഥാനത്തിനർഹരായി.
ബ്ലോക്ക് പഞ്ചായത്ത്: പഴയന്നൂർ (തൃശ്ശൂർ) ഒന്നും, പയ്യന്നൂർ (കണ്ണൂർ) രണ്ടും നെടുമങ്ങാട് (തിരുവനന്തപുരം) മൂന്നും സ്ഥാനം നേടി. മുൻസിപ്പാലിറ്റി :പൊന്നാനി (മലപ്പുറം) ഒന്നാം സ്ഥാനവും വടകര(കോഴിക്കോട്) രണ്ടാം സ്ഥാനവും ആന്തൂർ(കണ്ണൂർ),കുന്നംകുളം(തൃശ്ശൂർ) എന്നിവ മൂന്നും സ്ഥാനം നേടി. കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്തിനർഹമായി.