വിതുര: വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ പാണ്ടിക്കാറ്റ് നാശവും,ഭീതിയും വിതക്കുന്നു. ഒരാഴ്ചയായി ഇൗ മേഖലയിൽ ശക്തമായ കാറ്റ് വീശുകയാണ്. വീശിയടിച്ച കാറ്റ് രണ്ട് പഞ്ചായത്തുകളിലുമായി ലക്ഷക്കണക്കിന് രൂപയുടെ നാശം വിതച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് ഏറ്റവും ശക്തമായ കാറ്റ് വീശിയത്. റബർ എസ്റ്റേറ്റുകളിലും വിളകളിലുമായി നൂറുകണക്കിന് റബർ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. മാത്രമല്ല ബോണക്കാട് എസ്റ്റേറ്റിലെ അനവധി ലായങ്ങളുടെ മേൽക്കൂര കാറ്റത്ത് പറന്നുപോയി. വിതുര, തൊളിക്കോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും അനവധി വീടുകളുടെ മേൽക്കൂരകൾ ഭാഗികമായി തകർന്നു. വനമേഖലകളിലും നിരവധി മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. മരങ്ങൾ വൈദ്യുതി ലൈനിന് മുകളിൽ പതിച്ചതിനാൽ ഇലക്ട്രിക് ലൈനുകളും പോസ്റ്റുകളും വ്യാപകമായി തകർന്നിട്ടുണ്ട്. കല്ലാർ പൊൻമുടി റൂട്ടിലും ബോണക്കാട് വിതുര റൂട്ടിലും മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഫയർ ഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. വനത്തിൽ ശക്തമായ കാറ്റ് വീശിയതിനാൽ കാട്ടുമൃഗങ്ങളും ഭയന്ന് ഉൗരുകളിൽ എത്തിയതായി ആദിവാസികൾ പറയുന്നു. വിതുര പഞ്ചായത്തിലെ മരുതാമല, മക്കി, അടിപറമ്പ്, ചാത്തൻകോട്, കല്ലാർ, പേപ്പാറ, മേഖലകളിലാണ് കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. നാശനഷ്ടം സംഭവിച്ചവർ വില്ലേജാഫീസിലും, പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വീശിയടിച്ച ശക്തമായ കാറ്റത്ത് മരം ഒടിഞ്ഞു വീണ് പെരിങ്ങമ്മല പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ ഒരു വീട്ടമ്മ മരിച്ചിരുന്നു.