കിളിമാനൂർ:കഴിഞ്ഞ 12 വർഷമായുള്ള തദ്ദേശവാസികളുടെ നിരന്തര ആവശ്യത്തിന് വി. ജോയി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പരിഹാരമാകുന്നു. പള്ളിക്കൽ പഞ്ചായത്തിൽ കൂടി കടന്നുപോകുന്ന പകൽക്കുറി - ഈരാറ്റിൽ - മൂതല - വല്ലഭൻകുന്ന് - ഇളമ്പ്രക്കോട് റോഡിന്റെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായി. വി.ജോയി എം.എൽ.എയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി സംസ്ഥാനസർക്കാർ നബാർഡ് ഫണ്ടിൽ നിന്ന് റോഡ് പുനർനിർമ്മിക്കുന്നതിന് 7 കോടി രൂപ അനുവദിക്കുകയായിരുന്നു. 7 കിലോമീറ്റർ നീളത്തിൽ ആധുനിക ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് നിർമ്മിക്കുന്നത്. കഴിഞ്ഞ മൂന്നര വർഷമായി എം.എൽ.എയുടെ നേതൃത്വത്തിൽ വർക്കല മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്രറോഡ് നിർമ്മാണ പദ്ധതിയുടെ ഭാഗമായാണ് ഈ പാതയും ആധുനിക രീതിയിൽ വികസിപ്പിക്കുന്നത്. റോഡിന്റെ ഭാഗമായി ഒരു പാലവും നിർമ്മിക്കുന്നുണ്ട്. റോഡിന് 5. 50 മീറ്റർ വീതിയു ണ്ടാകും. പകൽക്കുറിയിലെ ആളുകൾക്ക് എളുപ്പത്തിൽ മൂതല ഭാഗത്തേ യ്ക്ക് പോകുന്നതിന് ഈ റോഡ് വഴിയൊരുക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .ഹസീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.നാസർഖാൻ, അബുതാലിബ്, എസ്.പുഷ്പലത പഞ്ചായത്ത് മെമ്പർമാരായ നിസാം, മിനി കുമാരി, സുധി രാജ്, രേണുക കുമാരി, പ്രസന്ന ദേവരാജൻ, ഷീജ എന്നിവർ പങ്കെടുത്തു.