തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപത്തിന് മുന്നോടിയായി നടക്കുന്ന മുറജപത്തിന്റെ രണ്ടാംമുറ ഇന്നലെ അവസാനിച്ചു. മൂന്നാം മുറയ്ക്ക് ഇന്ന് ജലജപത്തോടെ തുടക്കമാകും. സമാപനത്തോടനുബന്ധിച്ച് ഇന്നലെ രാത്രി 8.30ന് കമലവാഹനത്തിൽ പൊന്നുംശീവേലി നടന്നു. സ്വർണ നിർമ്മിതമായ കമലവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനത്തിൽ നരസിംഹമൂർത്തിയെയും ശീവേലി പടിഞ്ഞാറെ നടയിലെത്തിയപ്പോൾ തിരുവമ്പാടിയിൽ നിന്ന് ശ്രീകൃഷ്‌ണസ്വാമിയെയും എഴുന്നെള്ളിച്ചു. മൂന്നു പ്രദക്ഷിണത്തോടെ ശീവേലി സമാപിച്ചു. ഉടവാളിന് പിന്നാലെ ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ്മ ശീവേലിക്ക് അകമ്പടി ചേർന്നു. യോഗക്കാരും ഉദ്യോഗസ്ഥരും വൈദികരും അനുഗമിച്ചു. ഇന്ന് രാവിലെ 6.30ന് ജലജപത്തോടെ മൂന്നാംമുറ മന്ത്രോച്ചാരണം ആരംഭിക്കും. ഇത് 10.30വരെ നീളും. വൈകിട്ട് പദ്മതീർത്ഥക്കരയിൽ വീണ്ടും ജലജപം നടക്കും. മൂന്നാംമുറ 14ന് അവസാനിക്കും.