youth-

തിരുവനന്തപുരം:സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരവേ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ രണ്ട് എം.പിമാരും രണ്ട് എം.എൽ.എമാരുമടക്കം പത്ത് പേരുള്ള യോഗ്യതാപട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. സംസ്ഥാനഘടകത്തിലോ പ്രവർത്തകരോടോ ആലോചിക്കാതെ ഏകപക്ഷീയമായാണ് പട്ടിക ഇറക്കിയതെന്ന ആക്ഷേപവും ശക്തമായി.

കെ.പി.സി.സി പുനഃസംഘടനയിൽ ജനപ്രതിനിധികൾ ഭാരവാഹികളാകുന്നതിനെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ എതിർക്കുമ്പോൾ യൂത്ത് കോൺഗ്രസ് തലപ്പത്തേക്ക് എം.പിമാരെയും എം.എൽ.എമാരെയും കൊണ്ടുവരുന്നത് എന്ത് സന്ദേശമാണ് നൽകുകയെന്ന ചോദ്യമുയർന്നു.

എം.പിമാരായ ഹൈബി ഈഡൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ്. ശബരിനാഥൻ എന്നിവർക്കൊപ്പം എൻ.എസ്. നുസൂർ, എസ്.ജെ. പ്രേംരാജ്, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എസ്.എം. ബാലു, വിദ്യാബാലകൃഷ്ണൻ എന്നിവരാണ് പത്തംഗ പട്ടികയിലുള്ളത്. സംസ്ഥാന കമ്മിറ്റിയിലുള്ള സജീവപ്രവർത്തകരെയും കെ.എസ്.യുക്കാരെയുമെല്ലാം തഴഞ്ഞെന്നാണ് പരാതി. എ.ഐ.സി.സിക്കും പരാതി പോയിട്ടുണ്ട്.

ജനപ്രതിനിധികൾ യൂത്ത് കോൺഗ്രസിന്റെ തലപ്പത്ത് വരുന്നതിനെ ഏറ്റവുമധികം എതിർത്ത ഹൈബി ഈഡനാണ് പട്ടികയിലെ ആദ്യ പേരുകാരൻ എന്നതാണ് ശ്രദ്ധേയം. എ ഗ്രൂപ്പ് ഷാഫി പറമ്പിലിനെ പ്രസിഡന്റ് സ്ഥാനത്തേക്കും ഐ ഗ്രൂപ്പ് കെ.എസ്. ശബരിനാഥനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിച്ചെങ്കിലും ശക്തമായ എതിർപ്പുണ്ടായി. ജനപ്രതിനിധികൾക്ക് പാർട്ടിപദവി കൂടി നൽകി അർഹരായ അനേകം പേർക്ക് അവസരം നിഷേധിക്കരുതെന്ന് വലിയ വിഭാഗം ആവശ്യപ്പെടുന്നു. ഹൈബിയെയും ശബരിനാഥനെയും പ്രൊഫോർമ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എന്ത് സംഘടനാപ്രവർത്തനമാണ് നേതൃത്വം വിലയിരുത്തിയതെന്ന് ചോദിക്കുന്നവരുമുണ്ട്. കെ.പി.സി.സി പ്രസിഡന്റും കെ.എസ്.യു പ്രസിഡന്റും മലബാറിൽ നിന്നായിരിക്കെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തെക്കൻ ജില്ലയിലാവണമെന്ന ആവശ്യവുമുണ്ട്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടത്തരുതെന്ന് യൂത്ത് കോൺഗ്രസ് ചുമതലയുള്ള എ.ഐ.സി.സി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവുരുവിനോടും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസിനോടും തിരഞ്ഞെടുപ്പ് ചുമതലയുള്ള യൂത്ത് കോൺഗ്രസ് സംഘടനാ ജനറൽസെക്രട്ടറി രവീന്ദ്രദാസിനോടും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കർശനമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഖിലേന്ത്യാനേതൃത്വത്തിന് അഭിമാനക്ഷതമുണ്ടാക്കാത്ത പരിഹാരഫോർമുലയുടെ ഭാഗമായാണ് പ്രൊഫോർമപട്ടിക ഇറക്കിയതെന്നാണറിവ്. തിരഞ്ഞെടുപ്പായാലും നോമിനേഷനായാലും ഈ പട്ടികയിലുള്ളവരേ പാടുള്ളൂ എന്നാണ് അഖിലേന്ത്യാനേതൃത്വത്തിന്റെ കർശന നിലപാട്