പാലോട് : ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഒന്നര വർഷത്തിനുശേഷം പിടിയിലായി. നന്ദിയോട് ഷീലാ ഭവനിൽ ബിനു (കറുപ്പായി,42) ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി പലതവണ വീട്ടിലും ഓട്ടോയിലുമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു. നാട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. ചൈൽഡ് ലൈൻ പൊലീസിൽ അറിയിച്ചതോടെ ബിനു മുങ്ങുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മീയണ്ണൂരിൽ നിന്നു ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ റിമാൻഡ് ചെയ്തു.