rajan
രാജൻ

തിരുവനന്തപുരം: പൊലീസ് എൻകൗണ്ടറുകൾ കേരളത്തിൽ വ്യാപകമല്ലെങ്കിലും അപരിചിതമല്ല. അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി രാജൻ, കഴിഞ്ഞ മൂന്നുവർഷങ്ങളിൽ ഏഴ് മാവോയിസ്റ്റുകൾ എന്നിവരെ പൊലീസ് വ്യാജഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണെന്ന ആരോപണം നിലനിൽക്കുന്നുമുണ്ട്. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുന്നത് വ്യാജഏറ്റുമുട്ടലിലൂടെയാണെന്ന ആരോപണമുന്നയിച്ചത് ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയാണ്. മാവോയിസ്റ്റുകളുമായി നേർക്കുനേർ ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് നേതൃത്വം പറയുന്നുണ്ടെങ്കിലും ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സായുധഓപ്പറേഷൻ സംശയമുനയിലാണിപ്പോഴും.

മാവോയിസ്റ്റ് സെൻട്രൽകമ്മിറ്റിയംഗം കുപ്പുദേവരാജും സഹായി അജിതയും കൊല്ലപ്പെട്ട നിലമ്പൂരിലെ ഏറ്റുമുട്ടലിൽ സംശയമുന്നയിച്ചത് സംസ്ഥാന മനുഷ്യാവകാശകമ്മിഷനാണ്. ഏ​റ്റുമുട്ടൽമരണങ്ങളിൽ ദേശീയമനുഷ്യാവകാശകമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് 2014ൽ സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും ഇത് തങ്ങൾക്ക് ബാധകമല്ലെന്നാണ് കമ്മിഷനിൽ പൊലീസ് നിലപാടെടുത്തത്. എഫ്.ഐ.ആർ കമ്മിഷനിൽ ഹാജരാക്കിയതുമില്ല. ഏറ്റുമുട്ടലിനെ ന്യായീകരിച്ച പൊലീസ് റിപ്പോർട്ട് കമ്മിഷൻ തള്ളിക്കളഞ്ഞു. അജിതയുടെ ശരീരത്തിൽ 29മുറിവുകളുള്ളതിനാൽ ഏ​റ്റുമുട്ടൽ അനിവാര്യമായിരുന്നോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് കമ്മിഷൻ നിലപാടെടുത്തത്. മാവോയിസ്റ്റുകളെ പിടികൂടിയശേഷം തലയ്ക്ക് വെടിവച്ച് വീഴ്‌ത്തുകയായിരുന്നുവെന്നാണ് ആരോപണം. എത്ര ദൂരത്തുനിന്നാണ് വെടിവച്ചതെന്ന് ആയുധങ്ങളുടെ ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനായിരുന്നില്ല.

വയനാട്ടിലെ റിസോർട്ടിൽ മുൻകാല എസ്.എഫ്.ഐ നേതാവായ സി.പി.ജലീൽ തലയ്ക്കുപിന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടതും സംശയകരമായി തുടരുകയാണ്. ഓടാൻ പറഞ്ഞശേഷം ജലീലിനെ പിന്നിൽനിന്ന് വെടിവച്ചുവീഴ്‌ത്തിയെന്നാണ് ആക്ഷേപം. അതേസമയം, ഏറ്റുമുട്ടലുണ്ടായ സ്ഥലത്തെ വൃക്ഷങ്ങളിൽ പൊലീസിന്റെയും മാവോയിസ്റ്റുകളുടെയും തോക്കുകളിലെ ബുള്ളറ്റുകൾ കണ്ടെടുത്തതിനാൽ നടന്നത് വ്യാജഏറ്റുമുട്ടൽ അല്ലെന്നാണ് പൊലീസ് ഭാഷ്യം. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഏ​റ്റുമുട്ടലുകളെക്കുറിച്ച് ജനുവരി15നും ജൂലായ്15നും ദേശീയ മനുഷ്യാവകാശ കമ്മിഷന് ഡി.ജി.പി റിപ്പോർട്ട് നൽകേണ്ടതുണ്ട്. വ്യാജഏറ്റുമുട്ടലെന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും മജിസ്റ്റീരിയൽ, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിൽ സത്യംതെളിയുമെന്നുമാണ് ഡി.ജി.പി ലോക്നാഥ് ബെഹറയുടെ നിലപാട്.

തീരാത്ത ദുരൂഹതയായി രാജൻ

1976ഫെബ്രുവരി 28ന് കായണ്ണ സ്റ്റേഷൻ ആക്രമിച്ചെന്ന കുറ്റംചുമത്തിയാണ് കോഴിക്കോട് ആർ.ഇ.സിയിൽനിന്ന് രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്റെ നിർദ്ദേശപ്രകാരം ഡി.ഐ.ജിയായിരുന്ന ജയറാംപടിക്കലിനായിരുന്നു അന്വേഷണം. മാർച്ച് ഒന്നിന് കാമ്പസിൽ നിന്ന് പിടികൂടിയ രാജനെ പിന്നെയാരും കണ്ടിട്ടില്ല. രാജനെ ഉരുട്ടിയശേഷം ചങ്ങല കൊണ്ടടിച്ച് കൊലപ്പെടുത്തി കക്കയം ഡാമിലോ വനത്തിലെ ഊരക്കുഴി കൊക്കയിലോ കൊണ്ടുപോയി മൃതദേഹം നശിപ്പിച്ചെന്നാണ് ആക്ഷേപം. രാജൻ കൊല്ലപ്പെട്ടെന്ന് സാഹചര്യത്തെളിവുകളാൽ അനുമാനിക്കാമെങ്കിലും മൃതദേഹം കണ്ടെത്താനാവാത്തതും നശിപ്പിച്ചെന്ന് തെളിയിക്കാനാവാത്തതും കണക്കിലെടുത്ത് കൊലക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു കോടതിവിധി. 'മകൻ മരിച്ച തീയതി അറിഞ്ഞാൽ ആണ്ടുബലിയെങ്കിലും ഇടാലോ...' എന്ന് വിലപിച്ച പിതാവ് ഈച്ചരവാര്യർ പിന്നീട് ഹൃദയംപൊട്ടി മരിച്ചു.

വർഗീസ് വധത്തിലെ സത്യം

നക്സലൈറ്റ് നേതാവ് വർഗീസിനെ 1970ഫെബ്രുവരി 18നാണ് തിരുനെല്ലികാട്ടിൽ രഹസ്യമായി പൊലീസ് വെടിവച്ചുകൊന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നായിരുന്നു ഔദ്യോഗികഭാഷ്യം. മേലുദ്യോഗസ്ഥന്മാരുടെ ഉത്തരവു പ്രകാരം താൻ വർഗീസിനെ വെടിവച്ചു കൊല്ലുകയാണുണ്ടായതെന്ന് കൃത്യം നിർവഹിച്ച പൊലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ 28വർഷത്തിനുശേഷം വെളിപ്പെടുത്തി. വർഗീസിനെ വെടിവച്ചു കൊല്ലാൻ നിർദ്ദേശം നല്കിയ ഐ.ജി ലക്ഷ്മണയെ നാല്പതുകൊല്ലത്തിനു ശേഷം 2010ൽ സി.ബി.ഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.