കല്ലറ: ആട്ടോ റിക്ഷയും മോട്ടോർ ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു സഹയാത്രികരായ യുവാക്കൾക്കും ആട്ടോ ഡ്രൈവർക്കും ഗുരുതര പരിക്ക്. വെള്ളംകുടി ചരുവിള പുത്തൻവീട്ടിൽ ഷാനവാസ് -റജിലാ ബീവി ദമ്പതികളുടെ മകൻ ഷെഫീഖ് (20) അണ് മരിച്ചത്. ഇയാൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കല്ലറ വെള്ളംകുടി വിളയിൽ വീട്ടിൽ ചന്തു (21), കല്ലറ കോട്ടൂർ ഷാഹിൻ മൻസിലിൽ ആഷിഖ് (21), ആട്ടോ ഡ്രൈവർ കല്ലറ താപസഗിരിയിൽ സിദ്ധിഖ് (30) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത് ഇവരെ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചന്തുവിന്റെ നില ഗുരുതരമാണ്.കല്ലറ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ വ്യാഴാഴ്ച രാത്രി 10 നായിരുന്നു അപകടം.കല്ലറ ബസ് സ്റ്റാന്റ് റോഡിൽ നിന്ന് പഴയചന്ത ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർ ഭാഗത്തു നിന്നു വരുകയായിരുന്ന ആട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ ഷെഫീഖിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം 6 ന് പാട്ടറ മുസ്ലിം ജുമാ മസ്ജിത്തിൽ കബറടക്കി. അൻസി സഹോദരിയും മുഹമ്മദ് സഹോദരനുമാണ്.