fff

 ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ

നെയ്യാറ്റിൻകര: പനി ബാധിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച രോഗി ഡോക്ടറുടെ പരിശോധന കഴിഞ്ഞ് മിനിട്ടുകൾക്കകം മരിച്ചു. ആറാലുമൂട് അതിയന്നൂർ വാഴോട്ടുകോണം വീട്ടിൽ കുമാരനാണ് (52) മരിച്ചത്. പ്രതിഷേധവുമായി ബന്ധുക്കൾ എത്തിയതോടെ മൃതദേഹം സൂക്ഷിക്കാൻ ഡോക്ടർ നിർദ്ദേശം നൽകി.

സംഭവം ഇങ്ങനെ: പനി ബാധിച്ച കുമാരനെ ഇന്നലെ രാവിലെ 11ഓടെ മകൻ അനീഷ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. ഒ.പിയിലെ പരിശോധനയ്ക്ക് ശേഷം രക്തവും മൂത്രവും പരിശോധിക്കാൻ ഡോക്ടർ കുറിപ്പെഴുതുകയും ചെയ്‌തു. തുടർന്ന് കാഷ്വാലിറ്റിയിലെ കിടക്കയിൽ കിടത്തിയ ശേഷം രക്തപരിശോധനയ്‌ക്ക് പോയ മകൻ തിരികെ എത്തിയപ്പോൾ കുമാരനെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയാൽ പോസ്റ്റുമോർട്ടം ചെയ്‌ത് മൃതദേഹം വിട്ടുനൽകാമെന്ന് ഡോക്ടർമാർ സമ്മതിച്ചു. രണ്ടരയോടെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കിയെങ്കിലും ഡോക്ടർമാർ അതിന് മുമ്പ് മുങ്ങുകയായിരുന്നു. ബന്ധുക്കൾ ബഹളംവച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. ബന്ധുക്കളുമായി പൊലീസ് നടത്തിയ ചർച്ചയിൽ ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വിട്ടുനൽകാമെന്ന് പറഞ്ഞ അധികൃതർ മൃതദേഹം സൂക്ഷിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ഭാര്യ ലളിത. മക്കൾ: രഞ്ജിത്, അനീഷ്.

ഫോട്ടോ: മരിച്ച കുമാരൻ