പൂവാർ: ലൈഫ് ഗാർഡെന്നാൽ ജീവന് സംരക്ഷണം നൽകുന്നവൻ എന്നാണെങ്കിൽ മാലിന്യം മരണാസന്നയാക്കുന്ന കടലിനെ രക്ഷിക്കുന്ന തിരക്കിലാണ് വിർജിൻ എന്ന ചെറുപ്പക്കാരൻ. മത്സ്യത്തൊഴിലാളിയായ ഇയാൾ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ലൈഫ് ഗാർഡായാണ് ജോലി നോക്കുന്നത്. ഒഴിവുദിവസങ്ങളിലെല്ലാം കൈയിൽ ഒരു കവറുമായി തീരത്തുണ്ടാകും. കടലിൽ നിന്ന് തിരമാലകളോടൊപ്പം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓരോന്നായി ശേഖരിക്കുകയാണ് ജോലി. തീരത്തെ മണൽപ്പരപ്പിൽ രണ്ട് കമ്പുകൾ കുത്തി നിറുത്തി അതിൽ ഒരു ബാനർ കെട്ടും. അതിന് സമീപത്തായി ചാക്കുകൾ നിരത്തും. അതിന് ശേഷം പോളിത്തീൻ കവറുകളിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റും ഒന്നൊന്നായി പെറുക്കിക്കൂട്ടും.പിന്നെയവ തീരത്തു നിന്നും അകലേക്ക് കൊണ്ടുപോകും. ചിലപ്പോഴെല്ലാം പൂവാർ പൊഴിക്കരയിൽ ഡ്യൂട്ടിയിലുള്ള ലൈഫ്ഗാർഡുകളും ഒപ്പമുണ്ടാകും. ചിലപ്പോൾ ബോട്ടുതൊഴിലാളികളാകും കൂടെയുണ്ടാവുക. ഒരു തവണ ടൂറിസ്റ്റുകളായെത്തിയ സ്കൂൾ കുട്ടികൾ ഒപ്പം കൂടിയത് വിർജിൻ ഇന്നും ഓർക്കുന്നു. മാലിന്യത്തെക്കുറിച്ച് സംസാരിക്കാൻ വിർജിന് നൂറ് നാവാണ്. പശ്ചിമഘട്ട മലനിരകളിലെ അഗസ്ത്യകൂടത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് നെയ്യാർ. 53 കിലോമീറ്റർ ദൂരം താണ്ടി നദി പൂവാറിലെത്തുമ്പോൾ നദിയാകെ മാലിന്യം നിറഞ്ഞിരിക്കും.
നദീതീരത്തെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഫ്ളോട്ടിംഗ് റസ്റ്റോറന്റുകൾ, ബോട്ടുകൾ, മറ്റിതര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളെല്ലാം വഹിച്ച് പൊഴിമുഖത്തേക്ക് ഒഴുകിയെത്തുന്ന നെയ്യാർ ഈ മാലിന്യങ്ങളെല്ലാം കടലിന് കൈമാറുന്നു. കടലിലെ മത്സ്യങ്ങൾ ഇവ ഭക്ഷണമാക്കുന്നതിലൂടെ ഇവയുടെ വംശനാശവും സംഭവിക്കുന്നു. ഒപ്പം പരിഹരിക്കാനാകാത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങളും. ഈ മാലിന്യങ്ങളുടെ ഉന്മൂലനത്തിനായുള്ള ഒറ്റയാൾ പോരാട്ടമാണ് വിർജിന്റേത്. കടലറിവുകളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
കടൽ പാട്ടുകളും, മത്സ്യത്തൊഴിലാളികളുടെ നാട്ടുഭാഷയിലുള്ള കഥകളും ഇദ്ദേഹം ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കടൽ മലിനമാകുന്നതാണ് മത്സ്യസമ്പത്ത് കുറയാൻ കാരണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് നമുക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് നിലനിറുത്താൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിച്ചേ പറ്റൂ, അതിനായുള്ള എളിയ ശ്രമമാണ് എന്റേതെന്നാണ്
വിർജിൻ പറയുന്നത്.