കൈരളിയിൽ രാവിലത്തെ ആദ്യത്തെ ഷോ കണ്ടിറങ്ങിയ ഒരു ഡെലിഗേറ്റണ്ണൻ പരിസരമാകെ ‌ എന്തോ തപ്പി നടക്കുന്നു. കാര്യം ചോദിച്ചപ്പോഴാണ് പിടികിട്ടിയത്, ആള് തിരക്കുന്നത് 'ആട്ടോറിക്ഷ'യാണ്.

അതൊന്നും ഇല്ല ചേട്ടാ എന്നു പറഞ്ഞപ്പോൾ ആള് ദേഷ്യത്തിലായി. അതെന്താ ഇല്ലാത്തത്?​

കഴിഞ്ഞ വർഷം പറഞ്ഞ് പ്രളയത്തിൽ നിന്നു കരകയറാത്തതുകൊണ്ട് ആട്ടോ സർവീസ് ഇല്ലെന്ന്. ശരി സമ്മതിച്ചു. ഇപ്പോഴെന്തു പറഞ്ഞിട്ടാണ് കട്ട് ചെയ്തത്. ചേട്ടൻ കലിപ്പിലാണ്.

തിയേറ്ററുകളിൽ നിന്നും തിയേറ്ററുകളിലേക്ക് സൗജന്യമായി ഡെലിഗേറ്റുകളെ എത്തിക്കുന്നതിനായി ആട്ടോറിക്ഷകൾ റെഡിയാക്കി നിറുത്തുന്ന പതിവുണ്ടായിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി അത് കഴിഞ്ഞ വർഷത്തേക്കു മാത്രമായി ഒഴിവാക്കുകയായിരുന്നു. ഇത്തവണയും ആ ചെലവ് വേണ്ടെന്ന് അക്കാഡമി തീരുമാനിച്ചു കളഞ്ഞു. ചെലവ് കാശില്ലെന്നു പറഞ്ഞപ്പോൾ കഴിഞ്ഞ തവണ മാദ്ധ്യമ പ്രവർത്തകർ പണം കൊടുത്താണ് പാസ് വാങ്ങിയത്. ഇത്തവണ പതിവുപരിപാടിപോലെ മീഡിയാ പാസിനും ഫീസ് നിശ്ചയിച്ചു. കഴിഞ്ഞ തവണ ഒഴിവാക്കിയ സാംസ്കാരിക പരിപാടി ഇത്തവണയും ഇല്ല.

ഇതൊന്നും ഇല്ലെങ്കിലും സിനിമയെ സ്നേഹിക്കുന്നവരുടെ കുത്തൊഴുക്കിനു മാത്രം കുറവില്ല. ആട്ടോയില്ലെങ്കിൽ ബസ് പിടിച്ചെങ്കിലും സിനിമകൾ കണ്ടിരിക്കും, അതാണ് ഡെലിഗേറ്റുകൾ. ഒന്നുകൂടി കടത്തിപ്പറഞ്ഞാൽ അതാവണമെടാ ഡെലിഗേറ്റ് !