 കടക്കെണിയിലാക്കിയത് കേന്ദ്ര സർക്കാരെന്ന് ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിശോധിച്ച് പരിഹാരമാർഗ്ഗങ്ങൾ ആരായാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തെത്തി നിൽക്കെ, ധനപ്രതിസന്ധി രാഷ്ട്രീയമായും തിരിച്ചടിയാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ .. ജി.എസ്.ടി വന്നതോടെ സംസ്ഥാനത്തിന്റെ നികുതിവരുമാന സാദ്ധ്യതകൾ കുറഞ്ഞു. ജി.എസ്.ടി നഷ്ടപരിഹാരത്തുക കേന്ദ്രം നൽകാത്തതും വായ്പാപരിധി കുറച്ചതുമെല്ലാം തിരിച്ചടിയായി. സംസ്ഥാനത്തെ ഗുരുതരമായ കടക്കെണിയിലാക്കിയതിന് കേന്ദ്ര സർക്കാരിനെ പഴിചാരിയുള്ള പ്രചരണം ശക്തമാക്കും. അടുത്ത സംസ്ഥാന കമ്മിറ്റി യോഗം സാമ്പത്തികസ്ഥിതി ചർച്ച ചെയ്തേക്കും.

ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. മാർക്ക്ദാന വിവാദമുൾപ്പെടെ പരിഹരിക്കപ്പെട്ടു കഴിഞ്ഞതാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള പ്രതിപക്ഷ നീക്കമായി ഇതിനെ കണ്ടാൽ മതിയെന്നാണ് നിലപാട്. ഗവർണർ മുഖ്യമായും എം.ജി സർവ്വകലാശാലയിലെ പ്രവർത്തനങ്ങളെപ്പറ്റിയാണ് പറഞ്ഞത്. ഗവർണറുടെ പ്രതികരണത്തെ ചോദ്യം ചെയ്യേണ്ടതില്ല. 20ന് സംസ്ഥാന സെക്രട്ടേറിയറ്റും 21, 22 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. കഴിഞ്ഞ കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിംഗാണ് പ്രധാന അജൻഡ. ജനുവരി 17 മുതൽ 19വരെ സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ ചേരും.

സെക്രട്ടേറിയറ്റ് യോഗത്തിന്

കോടിയേരി എത്തി

എ.കെ.ജി സെന്ററിൽ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തു. ചികിത്സ തുടരുന്ന സാഹചര്യത്തിൽ അണുബാധ ഒഴിവാക്കാനാണ് അദ്ദേഹം പ്രധാനമായും ഓഫീസിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഏകോപനച്ചുമതല പാർട്ടി സെന്റർ നിർവ്വഹിക്കും. .

ചികിത്സയുടെ പേരിൽ സെക്രട്ടറി മാറുന്നുവെന്ന രീതിയിൽ മാദ്ധ്യമവാർത്തകൾ വരുന്നതിനെതിരെ യോഗത്തിൽ അഭിപ്രായമുണ്ടായി. ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിൽ കോടിയേരിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. തലസ്ഥാനത്ത് ചികിത്സ തുടരുന്ന സാഹചര്യത്തിൽ തൽക്കാലം വിദേശത്ത് പോകുന്നില്ല. പിന്നീട് പോകേണ്ടി വന്നേക്കും.