തിരുവനന്തപുരം: ഭാരതരത്ന ബഹുമതി നേടിയ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോ.സി.എൻ.ആർ റാവുവിനെ കേരള സർവകലാശാല ഡോക്ടർ ഒഫ് സയൻസ് ബിരുദം നൽകി ആദരിക്കും. 10ന് വൈകിട്ട് 3 മണിക്ക് സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിരുദം സമർപ്പിക്കും. പ്രോ-ചാൻസലറായ മന്ത്രി കെ.ടി ജലീൽ പങ്കെടുക്കും. ബിരുദ സമർപ്പണവുമായി ബന്ധപ്പെട്ട സെനറ്റ് യോഗത്തിൽ ഇരുവരും പങ്കെടുക്കും.
സ്ട്രക്ചറൽ കെമിസ്ട്രി, സോളിഡ് സ്റ്റേറ്റ് കെമിസ്ട്രി രംഗത്തെ മികവുറ്റ സംഭാവനകൾ കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി മേധാവി കൂടിയായിരുന്ന പ്രൊഫ.ഡോ.സി.എൻ.ആർ റാവുവിന് ഓണററി ബിരുദം നൽകുന്നത്. 1600 ഓളം ശാസ്ത്ര പ്രബന്ധങ്ങളും 51 പുസ്തകങ്ങളും രചിക്കുകയും ലോകത്തിലെ 54 സർവകലാശാലകളിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. അറ്റോമിക് എനർജി കമ്മിഷൻ അംഗവും ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി പ്രസിഡന്റും, കാലിഫോർണിയ, കേംബ്രിഡ്ജ് തുടങ്ങിയ സർവകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസറുമായ അദ്ദേഹത്തെ 'ഡോ.സയൻസ്' എന്നാണ് ശാസ്ത്രലോകം ബഹുമാനാർത്ഥം വിളിക്കുന്നത്. 2013ൽ ഭാരതരത്നം നൽകി രാജ്യം ആദരിച്ചു.