ms-mani

തിരുവനന്തപുരം:കേരളകൗമുദി മുൻ എഡിറ്റർ ഇൻ ചീഫ് എം. എസ്. മണി 2018ലെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരത്തിന് അർഹനായി. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.
മലയാള മാദ്ധ്യമപ്രവർത്തനത്തിൽ സജീവ ഇടപെടലുകൾ നടത്തുകയും നിർണായക സ്വാധീനം ചെലുത്തുകയും ചെയ്ത മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എന്നത് പരിഗണിച്ചാണ് കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ മാദ്ധ്യമ പുരസ്‌കാരത്തിന് എം. എസ്. മണിയെ തിരഞ്ഞെടുത്തത്.
1941 നവംബർ നാലിന് കൊല്ലത്ത് പത്രാധിപർ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്ത മകനായാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എസ്.സി ബിരുദം നേടിയ എം. എസ്. മണി 1961ൽ കേരളകൗമുദിയിൽ സ്റ്റാഫ് റിപ്പോർട്ടറായാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. 1962ൽ ലോക്‌സഭാ, രാജ്യസഭാ റിപ്പോർട്ടിംഗിലൂടെ ശ്രദ്ധേയനായി.1965ൽ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം ദീർഘകാലം കേരളകൗമുദി എഡിറ്റോറിയൽ വിഭാഗത്തിന് നേതൃത്വം നൽകിയിരുന്നു.
ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്‌സ് കോൺഫറൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അംബേദ്കർ, കേസരി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സംസ്ഥാന ഇൻഫർമേഷൻ കമ്മിഷണർ കെ. വി. സുധാകരൻ ചെയർമാനും പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ് കൺവീനറും വിധു വിൻസന്റ്, ജിനേഷ് കുമാർ എരമം എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്.