നിലമാമൂട്: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സർഗവായന സമ്പൂർണ വായന പദ്ധതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. എൽ.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റ് വിദ്യാലയങ്ങളിൽ സമ്പൂർണ ക്ളാസ് റൂം ലൈബ്രററികളുടെ ഭാഗമായുള്ള പദ്ധതിക്ക് കുന്നത്തുകാലിലെ പേരിമ്പക്കോണം എൽ.എം.എസ്, യു.പി.എസിൽ പുസ്തക കിറ്റുകളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്. അരുൺ അദ്ധ്യക്ഷത വഹിച്ചു.

എല്ലാ വിദ്യാലയങ്ങളിലും ആദ്യഘട്ടത്തിൽ ആയിരംരൂപയുടെ ബാല പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്യുന്നത്. പൊതുജന പങ്കാളിത്തത്തോടെ മുൻ അദ്ധ്യാപകർ, മുൻ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്നുമാണ് പുസ്തകങ്ങൾ സമാഹരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തുപകരാനും കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുവാനും പദ്ധതി സഹായകരമാകുമെന്ന് എൽ.എം.എസ് കോർപ്പറേറ്റ് മാനേജർ സത്യജോസ് പറഞ്ഞു. ഇതോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികൾക്കുള്ള ധനസഹായവും ബഡ് സ്കൂളിലേക്ക് ആവശ്യമായ പഠനോപകരണങ്ങളും സി.കെ. ഹരീന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു.