saji-43-visa-thattipp

കൊട്ടിയം: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ നെടുമങ്ങാട് വിതുര പേരമൂട്ടിൽ വീട്ടിൽ സജിയെ (43) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ ദുൽക്കിഫലി, സ്കറിയ, നൗഷാദ് എന്നിവരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പൊലീസ് പറഞ്ഞത്‌: ഖത്തറിലെ തൈസീർ സെക്യൂരിറ്റി ഫോഴ്സ് എന്ന കമ്പനിയിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓരോരുത്തരിൽ നിന്നും നാൽപ്പതിനായിരം രൂപ വീതം കൈക്കലാക്കിയെന്നാണ് പരാതി. വട്ടപ്പാറയിലെ സജിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഓരോരുത്തരും നാൽപ്പതിനായിരം രൂപ വീതം അയച്ചത്. തുടർന്ന് വ്യാജ വിസയും വിമാന ടിക്കറ്റും കാണിച്ച് കബളിപ്പിച്ച് മുങ്ങിയ പ്രതി മറ്റ് ഏഴുപേരേയും സമാന രീതിയിൽ പറ്റിച്ചു. വിതുര, കഴക്കൂട്ടം, വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളിലും സമാനരീതിയിലുള്ള പരാതികളുണ്ട്. കൊട്ടിയം എസ്.ഐ ത്രിദീപ് ചന്ദ്രൻ, എ.എസ്.ഐമാരായ ഗോപകുമാർ, ഫിറോസ് എന്നിവരാണ് വിതുരയിൽ നിന്നു പ്രതിയെ പിടികൂടിയത്.