നല്ല സിനിമയാകണം സിനിമാ മേഖലയിലെ
പുതുതലമുറയുടെ ലഹരിമുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള നവസിനിമകളെ ആസ്വദിക്കാനുള്ള ദാഹവുമായി ഒഴുകിയെത്തിയ ഡെലിഗേറ്റുകളെ സാക്ഷി നിറുത്തി സംസ്ഥാനത്തിന്റെ അഭിമാന ചലച്ചിത്രമേളയുടെ ഇരുപത്തി നാലാമത് എഡിഷന് തുടക്കമായി. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയ്ക്ക് ജ്വാല പകർന്നു.

നല്ല സിനിമയാകണം ചലച്ചിത്രമേഖലയിലെ പുതുതലമുറയുടെ ലഹരി എന്ന് മുഖ്യമന്ത്രി പറഞ്ഞു. കലയ്ക്കുവേണ്ടി ആത്മാർപ്പണം നടത്തി നല്ല സിനിമകളുമായി വരണം.

നല്ല സിനിമകൾ പ്രദർശന വിജയവും നേടുന്നത് പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെയാണ് കാണിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേള എന്നതാണ് നമ്മുടെ ചലച്ചിത്രമേളയുടെ പ്രത്യേകത. ഏകാധിപത്യ, ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനുള്ള വേദി കൂടിയാണ് ഐ.എഫ്.എഫ്.കെ. വിനോദത്തിന് മാത്രം മൂല്യം കൽപ്പിച്ച് രാഷ്ട്രീയ ദർശനങ്ങളെ അവഗണിക്കുന്നവയാണ് ലോകത്തിലെ പല മുന്തിയ മേളകളും. എന്നാൽ നമ്മുടെ മേള അതിൽനിന്ന് വ്യത്യസ്തമാണ്. ഏറ്റവും സ്വാധീനമുള്ള കലാരൂപം എന്ന നിലയിൽ ഉന്നത രാഷ്ട്രീയസാംസ്‌ക്കാരിക മൂല്യമുള്ള സിനിമകൾ തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുകയും സംവാദങ്ങളൊരുക്കുകയുമാണ് കഴിഞ്ഞ 24 വർഷമായി മേള ചെയ്യുന്നത്. അതുകൊണ്ട് തന്നെ കച്ചവട ചിന്തയില്ലാതെ നല്ല സിനിമകളെടുക്കാൻ യുവതലമുറയ്ക്ക് ആത്മവിശ്വാസം ഉണ്ടാകുന്നുണ്ട്. കേരളത്തിന്റെ യശസ് അന്താരാഷ്ട്ര തലത്തിൽ ഉയർത്തുന്നതിന് അന്താരാഷ്ട്ര മേളയ്ക്ക് നിർണായക പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ചലച്ചിത്രതാരം ശാരദയെ ആദരിച്ചു. മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിന്റെ ആദ്യഭാഗം മുഖ്യമന്ത്രി കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുണിന് നൽകി പ്രകാശനം ചെയ്തു. മേയർ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, ജൂറി ചെയർമാൻ ഖെയ്റി ബെഷാറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കൗൺസിലർ പാളയം രാജൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു.