തിരുവനന്തപുരം: പട്ടികവർഗ വകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വിദ്യാർത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച പ്രവർത്തകർ പട്ടിക വർഗ ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർ,സെക്രട്ടറി സ്വപ്നജിത്ത്. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, ജനറൽ സെക്രട്ടറി വിളപ്പിൽ സന്തോഷ്, സെക്രട്ടറി രതീഷ് പുഞ്ചക്കരി, ജില്ലാ നേതാക്കളായ മലവിള രാജേന്ദ്രൻ, വർക്കല ശ്രീനി, രാജാജി നഗർ മനു എന്നിവർ നേതൃത്വം നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പട്ടികവർഗ വികസന വകുപ്പ് സീനിയർ അഡ്മിനിസ്‌ട്രേറ്ററുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.
അദ്ധ്യാപകരുടെ പീഡനം കാരണം പഠിത്തം നിറുത്തിപോയ 95 കുട്ടികളെയും തിരികെ കൊണ്ടുവരിക, പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്.